കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആക്ഷേപമുയരുന്നുണ്ട്. സ്ത്രീ കുടുങ്ങിയത് അറിയാന്‍ വൈകി. ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന് എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്.
ബിന്ദുവിന്റെ മകള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ അധികൃതര്‍ നിര്‍ദേശം തന്നിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും അറിയിച്ചു.
