കോട്ടയം – എറണാകുളം റോഡിൽ വലിയ പാലത്തോടു ചേർന്ന് വലിയ തോടിനു മുകളിൽ ബസ് ബേ പദ്ധതി നടപ്പാക്കാൻ സർക്കാർ 4.24 കോടി രൂപയുടെ ഭരണാനുമതി നൽകി. നിയോജക മണ്ഡലത്തിൽ നിന്നുള്ള ബജറ്റ് നിർദേശം എന്ന നിലയിലാണ് വലിയ തോടിന് മുകളിലെ ബസ് ബേ പദ്ധതിക്ക് അനുമതി നൽകിയതെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. തുടർനടപടികൾക്കായി മന്ത്രി മുഹമ്മദ് റിയാസ് ബ്രിജസ് വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി.
വലിയ തോടിന് മുകളിൽ ബസ് ബേ നിർമിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പ്ലാനും ഡിസൈനും സർക്കാർ പരിശോധിച്ച് അംഗീകാരം നൽകി. ബസ് ബേയിലേക്കുള്ള അപ്രോച്ച് റോഡ് നിലവിലുള്ള കോട്ടയം – എറണാകുളം റോഡിൽ നിന്നു നിർമിക്കണം. ഇതിനായി സ്ഥലം ഏറ്റെടുക്കണം. കടുത്തുരുത്തി താഴത്ത് പള്ളി, പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളി എന്നിവരുടെ സ്ഥലങ്ങളാണ് അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ടത്.
ഇവരുമായി മോൻസ് ജോസഫ് എംഎൽഎ പ്രാഥമിക ചർച്ചകൾ നടത്തി. സർക്കാർ നിശ്ചയിച്ചിട്ടുള്ള മതിപ്പ് വിലയ്ക്കാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. റവന്യു വകുപ്പിന്റെ നിർദേശ പ്രകാരം ജില്ലാ കലക്ടര്‍ വസ്തു ഉടമകളുമായി ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കും.