ചുട്ടുപൊള്ളി കോട്ടയം; ചൂടിൽ റെക്കോർഡുകളിട്ട് ജില്ലയിലെ സ്ഥലങ്ങൾ

സംസ്ഥാന കാലാവസ്‌ഥ വകുപ്പിന്‍റെ കണക്കു പ്രകാരം ഈ മാസം പല ദിവസങ്ങളിലും സംസ്‌ഥാനത്ത് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയതു വടവാതൂരിലാണ്. കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം 27നു രാജ്യത്തെ സമതല പ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കോട്ടയത്തും കണ്ണൂരിലുമാണ്. സാധാരണ അനുഭവപ്പെടേണ്ട പകൽ താപനിലയിൽ നിന്നു 1-2 ഡിഗ്രി സെൽഷ്യസ് അധികം ചൂടാണ് ജില്ലയിൽ ലഭിക്കുന്നത്.

കോട്ടയം ജില്ലയിലെ പ്രധാന നദികളായ മീനച്ചിൽ, മണിമല എന്നിവിടങ്ങളിലെ ജലനിരപ്പിൽ 2 മീറ്ററോളം കുറവ് വന്നിട്ടുണ്ടെന്നാണു ജില്ലാ ഹൈഡ്രോളജി വകുപ്പിൻ്റെ കണക്ക്.

എൽനിനോ പ്രതിഭാസം മൂലം ചൂട് വർധിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇവിടെയും ലഭിക്കുന്നത്. ഏപ്രിൽ വരെ ഇതു തുടരാം. സാധാരണ ലഭിക്കേണ്ട ചൂടിൽ നിന്ന് ഒന്നോ രണ്ടോ ഡിഗ്രി സെൽഷ്യസ് ഉയർന്ന ചൂട് അനുഭവപ്പെടാം. വേനൽ മഴയ്ക്കു മാർച്ചിലാണു സാധ്യതയുള്ളത്.

 

എൽനിനോ പസിഫിക് സമുദ്രത്തിൻ്റെ ഭൂമധ്യരേഖാ പ്രദേശത്തുള്ള സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എൽനിനോ. സാധാരണയായി എൽനിനോ പ്രതിഭാസം വഴി ഇന്ത്യയിൽ മഴയുടെ അളവ് കുറയും.

ജില്ലയിലെ ചൂട് കഴിഞ്ഞയാഴ്‌ച (തീയതി, ചൂട് ഡിഗ്രി സെൽഷ്യസിൽ)

22  35.5

23  35.5

24  34.6

25  34.2

26  36.0

27  35.6

28  34.8

(കോട്ടയം ഓട്ടമാറ്റിക് വെതർ സ്‌റ്റേഷനിലെ വിവരങ്ങൾ)