കുറഞ്ഞ താപനിലയും കൂടിയ താപനിലയും കോട്ടയം തന്നെ; ജലാശയങ്ങൾ വറ്റിത്തുടങ്ങി

രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയായ 36.6 ഡിഗ്രി ഇന്നലെ(19) അനുഭവപ്പെട്ടത് കോട്ടയത്തും കണ്ണൂരുമാണെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെ കുറഞ്ഞതാപനിലയും വെള്ളിയാഴ്ച അനുഭവപ്പെട്ടത് കോട്ടയത്താണ്- 18.3 ഡിഗ്രി. പുനലൂരിൽ പോലും 19 ഡിഗ്രിയായിരുന്നു. കൂടിയ താപനിലയിലും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം 10 ഡിഗ്രിയിൽ കൂടുന്നതു തന്നെ പാരിസ്‌ഥിതികവും കാലാവസ്ഥാപരവുമായ അസ്‌ഥിരതയുടെ സൂചനയാണെന്നാണ് വിദഗ്‌ധർ പറയുന്നത്.

ഇവിടെ കൂടിയ താപനില കുറഞ്ഞ താപനിലയുടെ ഇരട്ടിയോളമായി ഉയർന്നിട്ടുണ്ട്. ഡിസംബറിൽ തന്നെ ഇതാണു സ്‌ഥിതിയെങ്കിൽ മാർച്ചും ഏപ്രിലും എന്തായിരിക്കും എന്ന വലിയ ചോദ്യവും ഉയരുന്നു. കടുത്ത വേനലിന്റെ സൂചന നൽകി പല ജലാശയങ്ങളും വറ്റിത്തുടങ്ങി. പനിയും മഞ്ഞപ്പിത്തവും പക്ഷിപ്പനിയും സാന്നിധ്യം അറിയിച്ചു. ജലം തിളപ്പിച്ച് ഉപയോഗിക്കുന്നതിന് ഒപ്പം ദുർവ്യയം കുറയ്ക്കാനും ശ്രദ്ധ വേണം.

അതേസമയം ശരാശരിക്കണക്കിൽ സംസ്‌ഥാനത്ത് ഏറ്റവും മികച്ച തുലാമഴ ലഭിച്ചത് കോട്ടയത്താണ്. ഒക്ടോബർ 1 മുതൽ ഇന്നലെ വരെ 56 സെമീ കിട്ടേണ്ട സ്ഥാനത്ത് 54 സെമീ മഴ ലഭിച്ചു. ശരാശരി മഴയിൽ 3% മാത്രം കുറവ്. സംസ്ഥാനത്ത് തുലാമഴയിലെ കുറവ് 20% വരെയാണ്.