കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണ കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചറിന് നൽകി. 1141. 32 കോടിയുടേയാണ് കരാർ. നിർമാണജോലികൾ ജൂലൈയിൽ ആരംഭിക്കാനും വർഷാവസാനത്തോടെ പൂർണതോതിലാക്കാനുമാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. 600 ദിവസത്തിനുള്ളിൽ ആകാശപാതയും പത്തു സ്റ്റേഷനുകളും നിർമിക്കാനുള്ളതാണ് കരാർ. 11.2 കിലോമീറ്റർ പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്. മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര നിർമാണ കമ്പനിയാണ് അസ്കോൺസ്.
കഴിഞ്ഞ മാർച്ചിലാണ് സിവിൽ ജോലികൾക്കുള്ള ടെൻഡർ ക്ഷണിച്ചത്. റെയിൽ വികാസ് നിഗം, കെഇസി ഇൻ്റർനാഷണൽ എന്നീ കമ്പനികളും രംഗത്തുണ്ടായിരുന്നെങ്കിലും സാങ്കേതിക ബിഡിൽ യോഗ്യത നേടിയത് അഫ്കോൺസ് മാത്രമാണ്. അതോടെ അയ്കോൺസിന് കരാർ ഉറച്ചു. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽനിന്നുള്ള വിദേശവായ്പ നടപടികളും പൂർത്തിയാക്കിയാണ് കെഎംആർഎൽ കഴിഞ്ഞദിവസം അഫ്കോൺസുമായി നിർമാണ കരാറിലെത്തിയത്.
കലൂർ സ്റ്റേഡിയം സ്റ്റേഷനിൽത്തന്നെയാകും പിങ്ക്പാത എന്നുപേരുള്ള കാക്കനാട് പാതയുടെ ആദ്യ സ്റ്റേഷൻ. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്രപാർക്ക്, ഇൻഫോപാർക്ക് എന്നിവയാണ് മറ്റ് സ്റ്റേഷനുകൾ. മെട്രോപാത നിർമാണം ആരംഭിക്കുന്നതിനുമുന്നോടിയായി സ്റ്റേഷനുകൾക്കുള്ള സ്ഥലമെടുപ്പ് പൂർത്തിയായിട്ടുണ്ട്. റോഡുകളുടെ വീതി കൂട്ടലും സ്റ്റേഷൻ കവാടങ്ങളുടെ നിർമാണവും നടന്നുവരുന്നു. സിവിൽലൈൻ റോഡിൻ്റെയും ചിറ്റേത്തുകരവരെ സീപോർട്ട്–എയർപോർട്ട് റോഡിൻ്റെയും വീതി കൂട്ടൽ ജോലികൾ പുരോഗമിക്കുന്നു.