ലോജിസ്റ്റിക് മേഖലയിൽ വൻ കുതിപ്പിന് തയ്യാറെടുത്ത് കൊച്ചി. അദാനി ഗ്രൂപ്പ്, ഫ്ലിപ്കാർട്ട്, കലിഫോർണിയ ആസ്ഥാനമായുള്ള ലോകത്തെ മുൻനിര ലോജിസ്റ്റിക് കമ്പനി പനാറ്റോണി, ബംഗളൂരു ആസ്ഥാനമായ അവിഗ്ന തുടങ്ങിയ വമ്പന്മാരാണ് കൊച്ചിയിൽ ലോജിസ്റ്റിക് പാർക്ക് ഒരുക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സംസ്ഥാനത്തെ ലോജിസ്റ്റിക് ഹബ്ബായി കൊച്ചി വളരുമെന്നുമാണ് കണക്കാക്കുന്നത്.
കളമശേരി എച്ച്എംടിക്കുസമീപം 70 ഏക്കറിലാണ് അദാനി ഗ്രൂപ്പ് 500 കോടിയുടെ ലോജിസ്റ്റിക് പാർക്ക് ഒരുക്കുന്നത്. പാർക്കിനകത്ത് പ്രവർത്തനം തുടങ്ങുന്ന വിവിധ കമ്പനികളുടെ നിക്ഷേപംകൂടി ഒത്തുചേരുമ്പോൾ ഇത് കുറഞ്ഞത് ആയിരം കോടി രൂപയുടെ പദ്ധതിയാകുമെന്നാണ് വിലയിരുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനികളിലൊന്നായ പനാറ്റോണി എടയാർ വ്യവസായമേഖലയിൽ 100 ഏക്കറിലാണ് ലോജിസ്റ്റിക് പാർക്ക് ആസൂത്രണം ചെയ്യുന്നത്. ഇതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും നിക്ഷേപം എത്ര കോടിയുടേതായിരിക്കുമെന്ന പ്രഖ്യാപനം ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന “ഇൻവെസ്റ്റ് കേരള’ ആഗോള ഉച്ചകോടിയിലുണ്ടാകുമെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് പാർക്ക് വികസിപ്പിക്കുന്നത് പറവൂർ-ആലുവ റോഡിലെ മന്നത്താണ്. 5.5 ലക്ഷം ചതുരശ്രയടിയിലുള്ള പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഈ വർഷംതന്നെ പ്രവർത്തനസജ്ജമാകുമെന്നും ഇതിലൂടെ മൂവായിരത്തോളം തൊഴിലവസരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. അവിഗ്ന നാലുലക്ഷം ചതുരശ്രയടിയിൽ ലോജിസ്റ്റിക് പാർക്ക് കൊണ്ടുവരുന്നത് അങ്കമാലി പാറക്കടവിലാണ്. എത്ര കോടിയായിരിക്കും നിക്ഷേപമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ വരുമ്പോൾത്തന്നെ ലോജിസ്റ്റിക്കിൽ മാത്രം കുറഞ്ഞത് 3000 കോടിയിലധികം രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് എത്തും.