സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റി

ഡിസംബർ ആദ്യ വാരം തിരുവനന്തപുരത്തു നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഡിസംബർ നാലിന് നാഷണൽ അച്ചീവ്‌മെൻ്റ് സർവേ(നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവം മാറ്റിയത്. ഒൻപതാം ക്ലാസ് വിദ്യാർഥികൾ പരീക്ഷയെഴുതുന്നതിനാൽ അവർക്ക് കലോത്സവത്തിൽ പങ്കെടുക്കാനാവില്ല. ഡിസംബർ 12 മുതൽ 20 വരെ ക്രിസ്‌മസ് പരീക്ഷയും 21 മുതൽ 29 വരെ അവധിയുമാണ്. ഡിസംബർ മൂന്നു മുതൽ ഏഴു വരെ തിരുവനന്തപുരത്താണ് കലോത്സവം നടത്താൻ നിശ്ചയിച്ചിരുന്നത്. ജനുവരി ആദ്യ വാരത്തിലാവും കലോത്സവം. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.

സംസ്ഥാന കലോത്സവം മാറ്റിവെച്ചതിനാൽ സ്‌കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചു. സ്‌കൂൾതല മത്സരങ്ങൾ 15-നകം പൂർത്തിയാക്കും. ഉപജില്ലാതല മത്സരങ്ങൾ നവംബർ 10-നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കും.