കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷ്മാണു (മൈക്രോബ്) കൂടി എത്തിയിരിക്കുകയാണ്. 2025 നവംബർ 20-ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം ‘ബാസിലസ് സബ്റ്റിലിസ്’ (Bacillus subtilis) എന്ന ബാക്ടീരിയയെയാണ് സംസ്ഥാന സൂക്ഷ്മജീവിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ആഴത്തിൽ സ്വാധീനിക്കുന്ന സൂക്ഷ്മാണുക്കൾക്ക് സംസ്ഥാനതല അംഗീകാരം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.
മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ സൂക്ഷ്മാണുക്കൾ വഹിക്കുന്ന അനിവാര്യ പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പ്രഖ്യാപനം. സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുക, സൂക്ഷ്മാണുക്കളെ സംബന്ധിച്ച ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, സൂക്ഷ്മജീവി വൈവിധ്യം സംരക്ഷിക്കുക, ലൈഫ് സയൻസ് രംഗത്തേക്ക് കൂടുതൽപേരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്.
19-ാം നൂറ്റാണ്ടിലെ വൈക്കോൽ വെള്ളത്തിൽ നിന്ന് തുടങ്ങിയ യാത്രയാണ് ബാസിലസ് സബ്റ്റിലിസിനെ കേരളത്തിന്റെ ഔദ്യോഗിക സംസ്ഥാന സൂക്ഷ്മജീവി എന്ന പദവിയിൽ എത്തിച്ചത്. മണ്ണിലും മനുഷ്യൻ്റെയും മൃഗങ്ങളുടെയും ദഹനവ്യവസ്ഥയിലും അഴുകിയ ജൈവവസ്തുക്കളിലും വരെ സർവ്വസാധാരണമായി കാണപ്പെടുന്ന, ഗ്രാം-പോസിറ്റീവ് വിഭാഗത്തിൽപ്പെടുന്ന ഒരിനം ബാക്ടീരിയയാണിത്. കാർഷിക മേഖലയിൽ ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും ജൈവകീടനാശിനിയായും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കൂടാതെ വ്യവസായ മേഖലയിൽ എൻസൈമുകളും ബയോസർഫാക്റ്റന്റുകളും ഉത്പാദിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്ന ബയോ-റെമെഡിയേഷൻ പ്രവർത്തനങ്ങൾക്കും ഈ സൂക്ഷ്മജീവി നിർണ്ണായക പങ്ക് വഹിക്കുന്നു. ഭക്ഷ്യസംസ്കരണ രംഗത്തും ആരോഗ്യമേഖലയിൽ പ്രോബയോട്ടിക് ആയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഇമ്മ്യൂണോമോഡുലേറ്ററായും ഇതിന്റെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണ്.
ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെയും (KSCSTE) നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ വിശദമായ പരിശോധനകൾക്കും ശുപാർശകൾക്കും ശേഷമാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. പക്ഷേ, ഈ ഔദ്യോഗിക പദവിയിലേക്കുള്ള ‘ബാസിലസ് സബ്റ്റിലിസിൻ്റെ’ യാത്ര ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഏകദേശം 200 വർഷത്തോളം പിന്നിലേക്ക് നീളുന്ന ഒരു ചരിത്രം അതിനുണ്ട്. 1835-ൽ പ്രശസ്ത ജർമ്മൻ ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഗോട്ട്ഫ്രൈഡ് എഹൻബർഗ്(Christian Gottfried Ehrenberg) മൈക്രോസ്കോപ്പിൻ്റെ ലെൻസിലൂടെ ആദ്യമായി ഈ കുഞ്ഞൻ ജീവിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. അന്ന്, വിറയ്ക്കുന്നതുപോലെ ചലിക്കുന്ന ഇതിനെ കണ്ട് അദ്ദേഹം ‘വിബ്രിയോ സബ്റ്റിലിസ്’ (Vibrio subtilis) എന്ന് പേരിട്ടു.
ഇതിന്റെ യഥാർത്ഥ ‘സൂപ്പർ പവർ’ തിരിച്ചറിഞ്ഞത് 1872-ൽ ഫെർഡിനാൻഡ് കോൺ (Ferdinand Cohn) എന്ന മറ്റൊരു ശാസ്ത്രജ്ഞനാണ്. ഉണങ്ങിയ വൈക്കോൽ (Hay) വെള്ളത്തിലിട്ട് തിളപ്പിച്ചു നോക്കിയപ്പോൾ, കൊടുംചൂടിലും നശിക്കാത്ത ചില ബാക്ടീരിയ അവശേഷിക്കുന്നതായി അദ്ദേഹം കണ്ടെത്തി. തിളച്ച വെള്ളത്തിൽ പോലും നശിക്കാത്ത ‘സ്പോറുകൾ’ (Spores)ഉത്പാദിപ്പിക്കാൻ ഇവയ്ക്ക് കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വൈക്കോലിൽ നിന്ന് വേർതിരിച്ചെടുത്തതുകൊണ്ട് ഇവയ്ക്ക് ‘ഹേ ബാസിലസ്’ (Hay Bacillus) അഥവാ ‘വൈക്കോൽ ബാക്ടീരിയ’ എന്നൊരു ഇരട്ടപ്പേരും ലഭിച്ചു. വടിയുടെ ആകൃതിയുള്ളതിനാൽ ‘ബാസിലസ് സബ്റ്റിലിസ്’ എന്ന് ഇതിനെ പുനർനാമകരണം ചെയ്തതും ഫെർഡിനാൻഡ് കോൺ ആണ്.
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഇതിന് ‘ഗ്രാസ്” (GRAS – Generally Recognized As Safe) പദവി നൽകിയിട്ടുണ്ട് എന്നത് ഇതിന്റെ സുരക്ഷിതത്വത്തിന് തെളിവാണ്. യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ക്വാളിഫൈഡ് പ്രിസംപ്ഷൻ ഓഫ് സേഫ്റ്റി (QPS) ലിസ്റ്റിലും ബയോ സേഫ്റ്റി ലെവൽ -1 വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ വ്യാവസായിക ആവശ്യങ്ങൾക്ക് ഇത് ധൈര്യമായി ഉപയോഗിക്കാം.
മൈക്രോബയോം സെന്റർ ഓഫ് എക്സലൻസ് സമർപ്പിച്ച റിപ്പോർട്ടിലെ ശാസ്ത്രീയ പ്രാധാന്യം, പാരിസ്ഥിതിക പ്രസക്തി, ജൈവസുരക്ഷ, വ്യവസായ-കാർഷിക മേഖലകളിലെ സാധ്യതകൾ എന്നിവ പരിഗണിച്ചാണ് കേരള സർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സുസ്ഥിര കാർഷിക രീതികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങൾ നിലവിലുള്ളതിനാൽ, ആഗോളതലത്തിലും ഇന്ത്യയിലും ബാസിലസ് സബ്റ്റിലിസ് ഉൽപ്പന്നങ്ങളുടെ വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്.
