സംസ്ഥാന ചലച്ചിത്ര പുരസ്കാരം; പൃഥ്വി മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും നടിമാര്‍

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ  പ്രഖ്യാപിച്ചു. മികച്ച തിരക്കഥ ഉൾപ്പടെ നാല് പുരസ്കാരങ്ങള്‍ നേടി ആടുജീവിതം. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന്, ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം.

മികച്ച നടിമാരായി ഉർവശിയെയും (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) എന്നിവരെയും മികച്ച നടനായി പൃഥ്വിരാജിനെയും തിരഞ്ഞെടുത്തു. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).

2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.