കേരളത്തിൽ മറവിരോഗത്തിന് ചികിത്സതേടുന്നവർ കൂടുന്നു

സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവർ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഒൻപതു വർഷത്തിനിടെ 16,867 പേരാണ് സർക്കാർ ആശുപത്രികളിൽ  ചികിത്സയ്ക്കെത്തിയത്.  60 വയസ്സിനു മുകളിലുള്ളവർക്കാണ് രോഗം കൂടുതലായും കണ്ടെത്തുന്നത്. 2016-ൽ 475 പേർ മാത്രമാണ് ചികിത്സതേടിയത്. എന്നാൽ, കഴിഞ്ഞവർഷം 3,112 പേർ ചികിത്സതേടി. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ ചികിത്സയ്ക്കായി എത്തുന്നതാണ് എണ്ണത്തിൽ വർധനയുണ്ടാക്കിയതെന്ന് ഡോക്ടർമാർ പറയുന്നു.

ഒറ്റപ്പെട്ടു ജീവിക്കുന്നവരിലാണ് മറവിരോഗം കൂടുതലായി കണ്ടുവരുന്നത്. രോഗം പൂർണമായി ഭേദമാക്കാനാകില്ല. തീവ്രമാകുന്നതു തടയാൻ കഴിയും. സർക്കാർ ആശുപത്രികളിൽ സൗജന്യ രോഗനിർണയവും ചികിത്സയും തുടർപരിചരണവുമുണ്ട്.

പ്രധാന ലക്ഷണങ്ങൾ

സമീപകാല സംഭവങ്ങൾ മറക്കുക, പതിവായി ഉപയോഗിക്കുന്ന സാധനങ്ങൾ എവിടെ വെച്ചെന്ന് ഓർമയില്ലാതാകുക, അടുത്ത ദിവസങ്ങളിൽ കണ്ട ആളുകളെ മറക്കുക, പതിവായി പറയുന്ന പേരുകൾ കിട്ടാതാകുക, കാര്യങ്ങൾ അവതരിപ്പിക്കാൻ ഭാഷയ്ക്ക് ബുദ്ധിമുട്ടുക, വാക്കുകൾ മറന്നുപോകുക, വീട്ടിലേക്കുള്ള വഴി മറക്കുക, രാവും പകലും തിരിച്ചറിയാതാകുക.

എല്ലാ ഓർമ്മക്കുറവും രോഗമല്ല ദിവസേന കൂടുന്ന ഓർമ്മക്കുറവിനെ മാത്രമാണ് ഭയക്കേണ്ടത്. മാനസിക സമ്മർദം, തൈറോയ്‌ഡ് പ്രശ്നം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് മറവി വരാം. ഇത് അൽസ്ഹൈമേഴ്‌സ് അല്ല.

മറവിരോഗം കൂടുതലും പ്രായമായവരിലാണ് കാണുന്നത്. എങ്കിലും, യുവാക്കളിൽ മാനസിക സമ്മർദം, ജീവിതശൈലീരോഗങ്ങൾ എന്നിവമൂലം ഉണ്ടാകാം. തലച്ചോർ പ്രവർത്തിക്കുംവിധമുള്ള കാര്യങ്ങൾ ചെയ്യണം. പ്രായമായവരുടെ ഓർമ്മ നിലനിർത്താൻ സംസാരം, മെമ്മറി ഗെയിമുകൾ, വായന തുടങ്ങിയവ പതിവാക്കിയാൽ ഒരുപരിധി വരെ വരെ മറവിരോഗത്തെ അകറ്റിനിർത്താം.