കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് ട്രേഡ് യൂണിയൻ്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകടസാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിച്ചിരുന്നത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനായ സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തെങ്കിലും ദീർഘദൂര പെർമിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോറിക്ഷ, സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ല. മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോറിക്ഷകൾക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗ പാതകളിൽ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉദ്യോഗസ്ഥതല യോഗം നൽകിയത്. അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകടസാധ്യത ചൂണ്ടികാട്ടിയിരുന്നു. പക്ഷേ, ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്.
ഓട്ടോറിക്ഷ ഇന്‍ ദ സ്‌റ്റേറ്റ് എന്ന രീതിയിലാണ് പെര്‍മിറ്റ് സംവിധാനത്തില്‍ മാറ്റം വരുന്നത്. പെര്‍മിറ്റില്‍ പുതിയ ഇളവുകള്‍ ലഭിക്കുന്നതിനായി ഓട്ടോറിക്ഷകള്‍ സ്‌റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്റ്റര്‍ ചെയ്യണം. സ്റ്റേറ്റ് പെര്‍മിറ്റില്‍ യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം, മുമ്പുണ്ടായിരുന്ന ഓട്ടോറിക്ഷകൾ ഹ്രസ്വദൂര യാത്രകൾക്ക് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ഇറങ്ങുന്ന ഓട്ടോകൾ ഒറ്റ ട്രിപ്പിൽ തന്നെ കൂടുതൽ ദൂരവും സമയവും ഓടാൻ ശേഷിയുള്ളവയാണ്. കൂടാതെ കൂടുതൽ വേഗത്തിൽ ഓടാൻ കഴിയുന്ന പരമാവധി റോഡുകളിൽ അനുവദനീയമായ മുഴുവൻ വേഗതയും കൈവരിക്കാൻ കഴിയുമെന്നതും ഓട്ടോറിക്ഷകളുടെ ജില്ലാന്തതര പെർമിറ്റ് നൽകാൻ കാരണമായി.