സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം

കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഒന്നാമത്. വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കിയ 2022ലെ റാങ്കിങ്ങില്‍ ഗുജറാത്ത്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പമാണ് കേരളം ഒന്നാം സ്ഥാനം പങ്കിട്ടത്.

കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും ഉയർന്ന പടിയിലേക്ക് കയറുകയായിരുന്നു. ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സൗകര്യവും സൂപ്പർ ഫാബ്‌ലാബും സാമ്പത്തിക പിന്തുണയുമടക്കം കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഈ ഘട്ടത്തിൽ ഒരിക്കൽ കൂടി ഓർക്കുകയാണ് എന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾക്കുള്ള അംഗീകാരമാണ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങൾക്ക് കരുത്തു പകരുന്നതാണ് ഈ അംഗീകാരമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.