ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് കേരള പൊലീസ് രക്ഷിച്ചത് 775 കുട്ടികളെ

ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് 775 കുട്ടികള്‍ രക്ഷപ്പെട്ടെന്ന് കേരള പൊലീസ്. സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ടത് 1739 പേരാണെന്നും 775 കുട്ടികൾക്ക് പൂർണമായും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നൽകാൻ കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു. ബാക്കി കുട്ടികളുടെ കൗൺസിലിങ് നടന്ന് വരികയാണ്.

കേരള പൊലീസിന്‍റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയാണ് ഡിഡാഡ് (ഡിജിറ്റല്‍ ഡിഅഡിക്ഷന്‍). കുട്ടികളിലെ മൊബൈല്‍, ഇന്‍റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്.

ദേശീയ തലത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗണ്‍സിലിങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കുട്ടികളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് ഡിജിറ്റല്‍ അടിമത്തം കണ്ടെത്താം. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാക്കുന്നത്. 

14 മുതല്‍ 17 വരെ പ്രായക്കാരാണ് ഇതില്‍ അകപ്പെടുന്നതില്‍ കൂടുതല്‍ പേരും. ആണ്‍കുട്ടികളാണ് കൂടുതല്‍. ആണ്‍കുട്ടികള്‍ വിനാശകരമായ ഗെയിമുകള്‍ക്കാണ് അടിമപ്പെടുന്നത്. അക്രമാസക്തരായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുന്ന ഘട്ടങ്ങളിലേക്കു വരെ കുട്ടികള്‍ എത്തുന്നു. പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയിലാണ് അടിമപ്പെടുന്നത്. മനശാസ്ത്ര വിദഗ്ധര്‍ തയ്യാറാക്കിയ ഇന്‍റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റ് വഴിയാണ് ഡിജിറ്റല്‍ അടിമത്തത്തിന്‍റെ തോത് കണ്ടെത്തുക. തുടര്‍ന്ന് കുട്ടികളെ ഇതില്‍നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നുവെന്ന് കേരള പൊലീസ് അറിയിച്ചു. 

ആരോഗ്യം, വനിതാ ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. ഈ പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് ‘ഡിഡാഡ്’ അവബോധം നല്‍കുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡിഡാഡില്‍ ബന്ധപ്പെടാവുന്നതാണ്. കുട്ടികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.