ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തിയതായും റൂറൽ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്നിടത്ത് പരിശോധന പൂർത്തിയായതായും പോലീസ് അറിയിച്ചു.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ് സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും. ഇതിൻ്റെ ലൊക്കേഷൻ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ ( ഡിജിസിഎ ) കീഴിൽ പരിശീലനം ലഭിച്ച 45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് ഡ്രോൺ കൈകാര്യം ചെയ്യുന്നത്. സൈബർ ഡോമിൻ്റെ ചുമതലയുള്ള ഐജി പി പ്രകാശാണ് സംസ്ഥാനതല മേൽനോട്ടം വഹിക്കുന്നത്.