ദേശീയപാതകളിൽ അമിതഭാരം കയറ്റിയുള്ള വാഹന ചരക്കുനീക്കം നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ പൊതു നടപടിക്രമം (എസ്.ഒ.പി.) തയ്യാറാക്കി. ദേശീയപാതകളിലെ ടോൾപ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും.
തീരുമാനങ്ങൾക്ക് വ്യാപകപ്രചാരണം നൽകണമെന്നും നിർദേശങ്ങൾ നടപ്പാക്കിയതു സംബന്ധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു. ചരക്കുവാഹനങ്ങൾ അമിതഭാരം കയറ്റുന്നത് കാരണമുള്ള അപകടാവസ്ഥ ചൂണ്ടിക്കാട്ടി നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
25 ശതമാനത്തിലധികം അധികഭാരം കയറ്റുന്നത് അപകടകരമായ ഡ്രൈവിങ്ങായി കണക്കാക്കി അപ്പോൾത്തന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യും. നിയമലംഘനം ആവർത്തിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
