സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി.
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ആണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാക്കാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.