

സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ സൂചനകള്‍ സജീവമായിരിക്കുന്നു. കേരളത്തില്‍ ഇന്ന് (മെയ് 23) പതിനാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ജില്ലകളിലും മഴ ശക്തിപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതുവരെ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. കാലവര്‍ഷം ആരംഭിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരാന്‍ ഇനിയും കാത്തിരിക്കണം. കേരളത്തിൽ കാലവർഷം എത്തിച്ചേർന്നതായി പ്രഖ്യാപിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിനുള്ള മാനദണ്ഡങ്ങളാണ് ഇതിന് കാരണം. അവ എന്തൊക്കെയെന്ന് വിശദമായി അറിയാം.
കാലവർഷം എത്തിച്ചേർന്നതായി പ്രഖ്യാപിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിനുള്ള മാനദണ്ഡങ്ങൾ
- മഴയുടെ അളവ്
മെയ് 10-ന് ശേഷം, ഈ പറയുന്ന 14 സ്റ്റേഷനുകളിലെ (മിനിക്കോയ്, അമിനി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കുഡ്ലു, മംഗളൂരു) 60% ഇടങ്ങളിൽ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ 2.5 മില്ലീമീറ്റര്‍ മഴയോ, അതില്‍ക്കൂടുതലോ രേഖപ്പെടുത്തുകയാണെങ്കിൽ, താഴെ പറയുന്ന മറ്റ് മാനദണ്ഡങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തി രണ്ടാം ദിവസം കേരളത്തിൽ കാലവർഷം ആരംഭിച്ചതായി പ്രഖ്യാപിക്കും.
- കാറ്റ്
ഭൂമധ്യരേഖ മുതൽ 10°ഉത്തര അക്ഷാംശം വരെയും, 55°-80° കിഴക്ക് രേഖാംശം വരെയുള്ള മേഖലയിലായി 600 hPa (4.2 km) വരെയായുള്ള ഉയരത്തിൽ പടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യം. 5°-10°ഉത്തര അക്ഷാംശം, 70°-80°കിഴക്ക് രേഖാംശം വരെയുള്ള മേഖലയിൽ 925 hPa-(750 m) ഉയരം വരെ കാറ്റിന്റെ വേഗത 15 മുതൽ 20 kts വരെ (27.8-37 km/hr) ആയിരിക്കണം. ഉപഗ്രഹ ഡാറ്റ പ്രകാരമാണിത് കണക്കാക്കുന്നത്.
- ഔട്ട്ഗോയിംഗ് ലോങ് വേവ് റേഡിയേഷൻ (OLR)
INSAT ഉപഗ്രഹം രേഖപ്പെടുത്തുന്ന OLR മൂല്യം, 5°-10°ഉത്തര അക്ഷാംശം, 70°-75°കിഴക്ക് രേഖാംശം പരിധിയിൽ 200 wm-2ന് താഴെ ആയിരിക്കണം.
ഇത്രയും സൂചനകള്‍ ഒത്തുചേര്‍ന്ന് വരുമ്പോഴാണ് കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. എന്നാല്‍ സംസ്ഥാനത്ത് മഴ ഇതിനകം പലയിടങ്ങളിലും സജീവമായ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വരാത്ത സാഹചര്യത്തില്‍, തെറ്റായ പ്രചാരണങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്ക്കേണ്ടതുമുണ്ട്.