ബോട്ട്‌ രജിസ്‌ട്രേഷനും സർവേക്കും വിദഗ്‌ധരുടെ പാനൽ ; വിദഗ്‌ധരുടെ പട്ടിക ഒരാഴ്‌ചയ്‌ക്കകം കേരള മാരിടൈം ബോർഡ്‌ തയ്യാറാക്കും

സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത ബോട്ടുകളും യാനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനും സർവേ നടത്തുന്നതിനും തുറമുഖവകുപ്പ്‌ മറൈൻ വിദഗ്‌ധരുടെ എംപാനൽ പട്ടിക തയ്യാറാക്കും. സർവേയർമാരില്ലാതെ നിരവധി ബോട്ടുകൾ വെള്ളത്തിലിറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ നടപടി. സ്‌പെഷ്യൽ റൂൾസ്‌ ഉണ്ടാക്കി പിഎസ്‌സി വഴി ഉദ്യോഗസ്ഥരെ നിയമിക്കും.

യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനായി കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ള നേവൽ ആർക്കിടെക്ടുകൾ, മറൈൻ എൻജിനിയർമാർ തുടങ്ങിയവരുടെ യോഗം വിളിച്ചു. ഇവരിൽനിന്ന്‌ തെരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി ഒരാഴ്‌ചയ്‌ക്കകം പട്ടിക തയ്യാറാക്കും. ഇന്ത്യൻ രജിസ്റ്റർ ഓഫ്‌ ഷിപ്പിങ്‌ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്‌ പട്ടിക തയ്യാറാക്കുക.

ടൂറിസ്റ്റ്‌ ബോട്ടുകൾ, യാത്രാ ബോട്ടുകൾ, ജങ്കാറുകൾ, വെള്ളത്തിലൂടെ പോകുന്ന മണ്ണുമാന്തികൾ തുടങ്ങിയവ വെള്ളത്തിലിറക്കാനും രജിസ്‌ട്രേഷൻ നടത്താനും കഴിയുന്നില്ലെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. നേവൽ ആർക്കിടെക്ട്‌ നൽകുന്ന ഡിസൈൻ ഉപയോഗിച്ചാണ്‌ ബോട്ടുകളും മറ്റും നിർമിക്കുന്നത്‌. ഇതിന്റെ പലഘട്ടങ്ങളിലും സർവേയർ പരിശോധന നടത്തുകയും അനുമതി നൽകുകയും വേണം. ക്ഷമതാ പരിശോധന നടത്തുമ്പോൾ സർവേയർ സ്ഥലത്തുണ്ടാകണം.

അമ്പതിലധികം ബോട്ടുകളാണ്‌ ക്ഷമതാ പരിശോധന നടത്താനായിമാത്രം വിവിധ യാർഡുകളിൽ ഉള്ളത്‌. തുടക്കത്തിൽ അഞ്ചുവർഷത്തേക്കാണ്‌ ഉൾനാടൻ ജലാശയങ്ങളിലെ ബോട്ടുകൾക്ക്‌ ലൈസൻസ്‌ നൽകുന്നത്‌. ഇത്‌ ഓരോ വർഷവും പുതുക്കണം.