‘മാനത്തെ കൊട്ടാര’മെന്ന് വിശേഷിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐ.എസ്.എസ്.) കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി മാനത്ത് നമ്മുടെ തലയ്ക്കുമുകളിലൂടെ പല തവണ കടന്നു പോകാറുണ്ട്. വാനനിരീക്ഷണകുതുകികൾക്ക് സ്ഥിരം കാഴ്ചയാണിതെങ്കിലും ഇത് കാണാത്തവരായി ഒട്ടേറെപ്പേരുണ്ടിപ്പോഴും. അത്തരക്കാർക്ക് ചൊവ്വാഴ്‌ച രാത്രി ഒരു സുവർണാസരമുണ്ടെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി പറയുന്നു.
രാത്രി ഏതാണ്ട് 7.25-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം തെക്ക്പടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടും. തുടർന്ന് വടക്ക് കിഴക്കൻ ദിശയിലേക്ക് നീങ്ങും. ശുക്രന്റെയും ചന്ദ്രന്റെയും സമീപത്തുകൂടി നീങ്ങി 7.30-ഓടെ വടക്ക് കിഴക്കൻമാനത്ത് അപ്രത്യക്ഷമാകും. കേരളത്തിൽ എല്ലായിടത്തും ഇത് കാണാമെങ്കിലും പ്രാദേശികമായി സമയത്തിൽ ഏതാനും സെക്കൻഡുകളുടെ വ്യത്യാസമുണ്ടാകാം. ചിലയിടങ്ങളിൽ ഗ്രഹത്തെയും ചന്ദ്രനെയും മറ്റും മറച്ചുകൊണ്ടാണിത് കടന്നുപോകുക.
357 അടി നീളവും 240 അടി വീതിയും 89 അടി ഉയരവുമുള്ള ഈ പടുകൂറ്റൻ ആകാശക്കപ്പൽ ഭൂമിയിൽനിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ ഏതാണ്ട് 27,000 കിലോമീറ്റർ വേഗത്തിലാണ് കുതിക്കുന്നത്.
സുനിതാ വില്യംസ് അടക്കം ഏഴ് ഗഗനചാരികൾ ഇപ്പോൾ അതിലുണ്ട്. ഒരു സാധാരണ മൊബൈൽ ക്യാമറയിൽ ഇതിന്റെ വീഡിയോദൃശ്യം പകർത്താം.