

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്ന് ഒന്നരലക്ഷമായും സീനിയർ പ്ലീഡർക്ക് 1.10 ലക്ഷം രൂപയിൽ നിന്ന് 1.40 ലക്ഷം രൂപയായും ശമ്പളം വർധിപ്പിച്ചു. പ്ലീഡർമാർക്ക് 1.15 ലക്ഷം രൂപയായും ശമ്പളം ഉയർത്തി. മുമ്പ് ഒരു ലക്ഷം രൂപയായിരുന്നു പ്ലീഡർമാരുടെ വേതനം.
2022 ജനുവരി ഒന്നുമുതലുള്ള മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. വലിയൊരു തുകയായിരിക്കും സർക്കാർ അഭിഭാഷകരുടെ അക്കൗണ്ടിൽ സർക്കാർ ഖജനാവിൽ നിന്നുടനെത്തുക. ആശാ വർക്കർമാരുടെ സമരവും ക്ഷേമപെൻഷൻ കുടിശിക കൊടുത്തുതീർക്കാത്തതും സർക്കാരിന് മുന്നിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ വന്നിരിക്കുന്ന പുതിയ തീരുമാനത്തിന് വലിയതോതിൽ വിമർശനവും ഉയരുന്നുണ്ട്.