

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറത്തുവന്നു.
തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ യെലോ അലർട്ടും നിലനിൽക്കുന്നു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറ്റി അറിയിച്ചു. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതിനിടെ, സംഭരണശേഷിയുടെ 98.11% നിറഞ്ഞ് ഇടുക്കിയിലെ ലോവർ പെരിയാർ അണക്കെട്ട്. കല്ലാർകുട്ടി അണക്കെട്ടും സംഭരണശേഷിയുടെ 95.74% നിറഞ്ഞു. ഇവ കൂടാതെ, പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ ഇരട്ടയാർ എന്നീ അണക്കെട്ടുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തൃശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.