സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ, ശിക്ഷിക്കപ്പെട്ടത് 8 പേർ

കൈക്കൂലി വാങ്ങുന്നതിനിടെ 2014 മുതൽ 2024വരെ സംസ്ഥാനത്ത് വിജിലൻസിന്റെ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ. ഇതേ കാലയളവിൽ അനധികൃത സ്വത്ത് സമ്പാദനത്തിന് 184 പേരും പിടിയിലായി.

കൈക്കൂലി വാങ്ങിയതിന് ഏറ്റവും കൂടുതൽപ്പേർ പിടിയിലായത് കോട്ടയം ജില്ലയിൽ നിന്നാണ്, 45 പേർ. തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്, 33 പേർ.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം ഉദ്യോഗസ്ഥർ പിടിയിലായത്-71 പേർ. ഇക്കാര്യത്തിലും രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനാണ്-55 പേർ.

ഇതേ കാലയളവിൽ കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ടത് എട്ടുപേർ മാത്രമാണ്. പരാതിക്കാർ പിൻവാങ്ങുന്നതടക്കമുള്ള കാരണങ്ങളാണ് ശിക്ഷ ഒഴിവാകുന്നതിന് കാരണമായി മാറുന്നത്. പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.