ഇളവുകളുമായി ഗതാഗതവകുപ്പ്; പ്രതിദിന ടെസ്റ്റുകൾ കൂട്ടി, നിബന്ധനകൾ നടപ്പാക്കാന്‍ കൂടുതൽ സമയം

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾക്കായി ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങളിൽ നേരിയ ഇളവുകൾ നൽകി സർക്കാർ. ഇവ സംബന്ധിച്ച സർക്കുലർ ഗതാഗതവകുപ്പ് ശനിയാഴ്‌ച പുറത്തിറക്കും. ഇളവുകളിന്മേലുള്ള നിലപാട് ഡ്രൈവിങ് സ്‌കൂളുകൾ ഇന്ന് അറിയിക്കും.

നേരത്തേ പ്രതിദിനം 30 ടെസ്റ്റുകൾ എന്ന് നിജപ്പെടുത്തിയത് 40 ആക്കി ഉയർത്തിയിട്ടുണ്ട്. പുതിയ 25 പേർ, പഴയ 10 പേർ, വിദേശത്ത് പോകുന്ന അഞ്ചുപേർ എന്നിങ്ങനെയാണ് പുതിയ ക്രമീകരണം. വിദേശത്ത് പോകുന്ന അഞ്ചുപേർ ഹാജരാകുന്നില്ലെങ്കിൽ ലേണേഴ്‌സ് കാലാവധി കഴിഞ്ഞ അഞ്ച് പേരെ പരിഗണിക്കാം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് H എടുക്കൽ എന്ന ക്രമത്തിലാകും ടെസ്റ്റുകൾ നടക്കുക.

ഇതിനുപുറമെ നിലവിലെ പല നിബന്ധനകളും നടപ്പാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. 15 വർഷം കാലാവധി പൂർത്തിയായ വാഹനം മാറ്റുന്നതിന് ആറ് മാസത്തെ സമയമാണ് അനുവദിച്ചത്. ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കാൻ മൂന്ന് മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.

ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങൾക്കെതിരെ ഡ്രൈവിങ് സ്കൂളുകളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. കൂടിയാലോചനകളില്ലാതെ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് ഉടമകൾ ആരോപിച്ചു. സ്കൂൾ ഉടമകളുടെ പ്രതിഷേധത്തെ തുടർന്ന് പരിഷ്കാരങ്ങൾ നടപ്പാക്കിയ ആദ്യ ദിനം മുതൽ തന്നെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങിയിരുന്നു.