ആന്റിബയോട്ടിക് ഉപയോഗം വിലയിരുത്തി പ്രത്യേക കളർകോഡ്; മാർഗനിർദേശവുമായി സർക്കാർ

ആൻ്റിബയോട്ടിക് അമിതോപയോഗം കുറയ്ക്കാൻ കൂടുതൽ നടപടികളുമായി സർക്കാർ. ആശുപത്രിക്കുള്ളിലെയും അവരുടെ സേവന പരിധിയിൽവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും ആന്റിബയോട്ടിക് ഉപയോഗം വിലയിരുത്തി അവയ്ക്ക് പ്രത്യേക കളർകോഡ് നൽകും.

ആന്റിബയോട്ടിക് ഉപയോഗം കുറച്ചതിന് നിശ്ചിത മാർക്കിൽ അധികം നേടുന്ന ആശുപത്രികൾക്ക് ഉയർന്ന റാങ്ക് ആയ ‘ഇളം നീല’ കോഡ് നൽകും. മാർക്ക് കുറയുന്നതനുസരിച്ച് കടുംനീല, പച്ച, മഞ്ഞ, പിങ്ക് എന്നിങ്ങനെയാകും തുടർന്നുള്ള നിറങ്ങൾ. മൂന്നുമാസത്തിനകം ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് കീഴിലെ ആശുപത്രികൾ ഇതു നടപ്പാക്കണമെന്നാണ് നിർദേശം.

സ്കൂ‌ളുകൾ, ഗ്രാമസഭകൾ എന്നിവ വഴിയുള്ള ബോധവത്കരണം, കൃഷിയുമായി ബന്ധപ്പെട്ട ഫാമുകൾ, മെഡിക്കൽഷോപ്പുകൾ തുടങ്ങിയവ പ്രത്യേകം മാപ്പ്ചെയ്‌തുള്ള പ്രവർത്തനം, സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം തുടങ്ങിയവ വിലയിരുത്തിയാകും കളർകോഡ് നൽകുക. മൂന്നുമാസത്തിനുള്ളിൽ ഇതിനുള്ള പ്രവർത്തനം ആരംഭിക്കും.

ഡിസംബറോടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സംബന്ധിച്ച് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ബോധവത്കരണം നൽകും. ഇതിനകം നാലുലക്ഷത്തിലധികം വീടുകൾ സന്ദർശിച്ചിട്ടുണ്ട്.

കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്‌ഷൻ പ്ലാൻ എന്നപേരിലാണ് ഇതിനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഉപയോഗം 30 ശതമാനംവരെ കുറഞ്ഞിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്.