കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16-ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വച്ച് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇവ രണ്ടിന്റെയും സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. നവംബർ 14&17 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു.