അന്വേഷണ ഉദ്യോഗസ്ഥർ കേസുകളുടെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്ന കർശന നിർദേശവുമായി സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. ശബരിമല സ്വർണക്കൊള്ളയടക്കം സുപ്രധാന കേസുകളുടെ അന്വേഷണം തുടരുന്നതിനിടെയാണ് സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലറെന്നാണ് വിശദീകരണം.
പ്രതികളുടെ കുറ്റസമ്മതമൊഴി മാധ്യമങ്ങൾക്ക് നൽകരുതെന്നത് കൂടാതെ അന്വേഷണ പുരോഗതി മാധ്യമങ്ങളിലൂടെ പുറത്തുവിടരുതെന്ന നിർദേശവും സർക്കുലറിലുണ്ട്. ഈ മാസം 29-നാണ് ഇതു സംബന്ധിച്ച പോലീസ് മേധാവിയുടെ സർക്കുലർ ഇറങ്ങിയത്.
അന്വേഷണം നടക്കുന്ന കേസുകളുടെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തരുതെന്നാണ് സർക്കുലറിലെ നിർദേശം. വാർത്താ സമ്മേളനം നടത്തി പ്രതികളുടെ കുറ്റസമ്മതമൊഴി വിവരങ്ങളടക്കം പുറത്തുവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നിർദേശമെന്നും സർക്കുലറിൽ വിശദീകരിക്കുന്നു.
ഇക്കാര്യത്തിൽ ഹൈക്കോടതി നിരവധി ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും കേസുകളുടെ അന്വേഷണ പുരോഗതി മാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥർ വിവരിക്കുന്ന നടപടി തുടരുകയാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ കേസുകളുടെ വിചാരണയെ ബാധിക്കും. കേസുകളുടെ കുറ്റസമ്മതമൊഴി കോടതിക്കു മുന്നിൽ പ്രധാന തെളിവല്ല. എന്നാൽ, പ്രതി കുറ്റവാളിയെന്ന് അന്വേഷണ ഉദ്യോസ്ഥർ മൊഴികളുടെ അടിസ്ഥാനത്തിൽ വിധിക്കുന്നു. പിന്നീട് വിചാരണയ്ക്കൊടുവിൽ പ്രതിയെ വെറുതെവിട്ടാൽ കോടതിയും അന്വേഷണ ഏജൻസിയും പൊതുജന രോഷത്തിന് ഇരയാകാറുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് അന്വേഷണ വിവരം പുറത്തുവിടുന്നത് ഹൈക്കോടതി നേരത്തേ നിയന്ത്രിച്ചിരുന്നത്. ഈ നിയന്ത്രണം ലംഘിക്കുന്നത് അനുവദിക്കാനാകില്ല. നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും സർക്കുലർ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രത്യേക കേസ് ചൂണ്ടിക്കാട്ടിയല്ല സർക്കുലർ.
