ജലവിഭവ വകുപ്പിന്റെ ഡാമുകളോടു ചേർന്ന ജലാശയങ്ങൾക്കു സമീപം നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം. ജലാശയ പരിസരത്തെ രണ്ടു മേഖലകളായി തിരിച്ചാണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്.
ജലാശയങ്ങളോടു ചേർന്നുള്ള ബഫർസോൺ അഥവാ ഒന്നാം കാറ്റഗറി മേഖലയിൽ പുതിയ നിർമാണം തീരേ പാടില്ല. പരമാവധി ജലനിരപ്പിന്റെ അരികിൽ നിന്ന് 20 മീറ്റർ വരെയുള്ള പ്രദേശമാണിത്. ഇവിടെനിന്ന് 100 മീറ്റർവരെ വരുന്ന രണ്ടാം കാറ്റഗറിയിൽ ഡാമുകളുടെ സുരക്ഷയെ ബാധിക്കാത്ത നിർമാണം നിയന്ത്രണങ്ങളോടെ അനുവദിക്കും.
ഡാമിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനിയറാണ് നിർമാണത്തിന് എതിർപ്പില്ലാരേഖ (എൻ.ഒ.സി.) നൽകേണ്ടത്. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളെല്ലാം പഞ്ചായത്ത് പ്രദേശങ്ങളിലാണ്. അതിനാൽ കേരള പഞ്ചായത്ത് കെട്ടിട നിർമാണച്ചട്ടം ബാധകം.
മുമ്പ് അണക്കെട്ടുകളോട് ചേർന്ന് പത്തുമീറ്ററിനുള്ളിൽ നിർമാണമാകാമായിരുന്നു. പിന്നീട് ഡാം സുരക്ഷാ അതോറിറ്റിക്കായി എൻ.ഒ.സി. നൽകാനുള്ള ചുമതല. 2021-ൽ കേന്ദ്ര ഡാം സുരക്ഷാ നിയമം വന്നതോടെ ഇത് നിന്നു. അതിനുശേഷം ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി., വനം, മലിനീകരണ നിയന്ത്രണ ബോർഡ്, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് എന്നിവയുടെ പ്രതിനിധികളുള്ള സമിതിയുണ്ടാക്കി. ഈ സമിതി പിരിച്ചുവിട്ടാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്. വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിൽ നേരത്തേതന്നെ നിയന്ത്രണമുണ്ട്. ഇടുക്കിയിൽ 200 മീറ്ററും മറ്റു ഡാമുകളിൽ 60 മീറ്ററുമാണ് നിർമാണനിയന്ത്രണം.
നിയന്ത്രണം ഇങ്ങനെ
ബഫർ സോൺ/ഒന്നാം കാറ്റഗറി സോൺ
പരമാവധി ജലനിരപ്പ് എത്തുന്ന അരികിൽ നിന്ന് 20 മീറ്റർ.
ഇവിടെ ഒരു നിർമാണവും പാടില്ല
രണ്ടാം കാറ്റഗറി സോൺ
ബഫർസോണിൽ നിന്ന് 100 മീറ്റർ
നിയന്ത്രണങ്ങളോടെ നിർമാണമാകാം
വീട്, റിസോർട്ട്, ഹോട്ടൽ, ഇതര വാസസ്ഥലം എന്നിവയാവാം.
വ്യവസായശാലകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കച്ചവടകേന്ദ്രങ്ങൾ എന്നിവ പാടില്ല.
10 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങൾ പാടില്ല.
ഖനനവും മാലിന്യ നിക്ഷേപവും അനുവദിക്കില്ല