കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കാൻ നയപരിഷ്കരണവുമായി സർക്കാർ. മൂന്നുവർഷത്തിനുള്ളിൽ വീടുകളിലും സമൂഹത്തിലും കുട്ടികളെ സുരക്ഷിതരാക്കുന്നതിനാണ് നിലവിലെ നയം പുനഃപരിശോധിക്കുന്നത്. 2016-ൽ നിലവിൽവന്ന നയത്തിൽ കാലോചിതമായ പരിഷ്കരണമാണ് വനിത-ശിശു വികസന വകുപ്പ് ആലോചിക്കുന്നത്. ലഹരിയുപയോഗം, ലിംഗ അസമത്വം എന്നിവ പൂർണമായി ഒഴിവാക്കി പൂർണമായും സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബവും സമൂഹവും അധ്യാപകരും കുട്ടികളെ സംരക്ഷിക്കുന്നെന്നും ഉറപ്പാക്കും. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ ഘട്ടംഘട്ടമായി കുറച്ച് അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനാണ് ശ്രമം. ബാലവേല, ദുരുപയോഗം, അവഗണന എന്നിവ അവസാനിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ശിശുസംരക്ഷണസ്ഥാപനങ്ങളിലെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനും ആലോചനയുണ്ട്.
പൊതുവിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം, പട്ടികജാതി പട്ടികവർഗ വികസനം, കായികം, തൊഴിൽ, പോലീസ്, ഫിഷറീസ്, സാമൂഹികനീതി, ഗതാഗതം, തദ്ദേശസ്വയംഭരണം, എക്സൈസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
