വരാനിരിക്കുന്ന കൊടുംവേനലിൻ്റെ സൂചന നൽകി കേരളത്തിൽ പകലിനൊപ്പം രാത്രിയും ചുട്ടുപൊള്ളുന്നു. രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് ചൊവ്വാഴ്ച കോട്ടയത്ത് (38.5 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും 40 ഡിഗ്രി രേഖപ്പെടുത്തിയതായും പറയുന്നു. കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ കണക്കുപ്രകാരം ചൊവ്വാഴ്‌ച രാത്രിയിൽ കോഴിക്കോട് 31 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്ത് ചൊവ്വാഴ് ചരാത്രിയിൽ 28.2 ഡിഗ്രിയും കൊച്ചിയിൽ 29 ഡിഗ്രിയും രേഖപ്പെടുത്തി. ഉയർന്ന താപനിലയെത്തുടർന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ മാർച്ചിലാണ് രാത്രിച്ചൂട് കൂടിത്തുടങ്ങുക. ഇത്തവണയതു നേരത്തേയായി. മാർച്ച് തുടക്കത്തോടെ കേരളത്തിൽ കടുത്ത വേനലെത്താനാണു സാധ്യതയെന്നും മഴ കിട്ടിയില്ലെങ്കിൽ ചൂടു കടുക്കുമെന്നും കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നു.
രാത്രിയിലെ മേഘം മൂടിയ അന്തരീക്ഷം താപനില കൂട്ടുന്നു. അന്തരീക്ഷത്തിന്റെ മധ്യനിരയിലെ ഈർപ്പംമൂലം രൂപംകൊള്ളുന്ന നീരാവിയും രാത്രിച്ചൂടു കൂട്ടുന്നു. അതുകാരണം യഥാർഥ താപനിലയെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടും.
മാർച്ച് ഒന്നുവരെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും പകൽ താപനില ഉയരുമെന്നാണു കാലാവസ്ഥാവകുപ്പ് പറയുന്നത്. ഇതു സാധാരണയെക്കാൾ നാലു ഡിഗ്രി വരെ കൂടുതലാണ്. മലയോരമേഖല ഒഴിച്ചുള്ള സ്ഥലങ്ങളിൽ കഠിനമായ ചൂടും അസ്വസ്ഥതയും ഉണ്ടാകുമെന്നും വെയിലത്ത് പുറത്തിറങ്ങരുതെന്നും കാലാവസ്ഥാവകുപ്പ് നിർദേശിച്ചിട്ടുണ്ട്.