വയോജനങ്ങൾക്ക് കെയർ സെന്ററുകൾ, അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി രൂപ; റബ്ബറിന്റെ താങ്ങുവിലയില്‍  10 രൂപയുടെ വര്‍ധനവ്

സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മുതിർന്ന പൗരന്മാരുടെ സൗഖ്യം ഉറപ്പാക്കാൻ കെയർ സെന്ററുകൾ തുടങ്ങും. അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. സാക്ഷരത പരിപാടികൾക്ക് 20 കോടി രൂപ മാറ്റിവച്ചു.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വർക്ക് നിയർ ഹോം പദ്ധതി ഇത്തവണയും പരാമർശിച്ചു. വർക്ക് നിയർ ഹോം പദ്ധതി കൂടുതൽ പ്രസക്തമാകുന്നെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 5,000 കവിഞ്ഞുവെന്ന് ധനമന്ത്രി വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതിക്ക് 130 കോടി രൂപ അനുവദിച്ചു. മാലിന്യ നിർമാർജനത്തിന് തുക വകയിരുത്തിയിട്ടുണ്ട്. സ്വച്ഛ് ഭാരതിന് 7.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഖരമാലിന്യ നിർമാർജനത്തിന് 5 കോടി രൂപ അനുവദിച്ചു. ശുചിത്വമിഷന് 25 കോടി രൂപ അനുവദിച്ചു.

റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ റബ്ബറിന്റെ താങ്ങുവില പത്ത് രൂപ ഉയര്‍ത്തി. താങ്ങുവില 170ല്‍ നിന്ന് 180 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ആകെ 1698.30 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടിയും ബജറ്റില്‍ അനുവദിച്ചു. വിളപരിപാലനത്തിന് 531.9 കോടിയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടിയും അനുവദിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി അനുവദിച്ചു. കാര്‍ഷിക വിളകളുടെ ഉത്പാദന ശേഷി കൂട്ടാന്‍ രണ്ട് കോടി അനുവദിച്ചു.