എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഫെബ്രുവരി 2 മുതൽ 13 വരെയാണ് എസ്എസ്എൽസി ഐടി പരീക്ഷ. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം. ഫലപ്രഖ്യാപനം മെയ് 8ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും അടക്കം 3,000 കേന്ദ്രങ്ങളിലായി 4,25,000 കുട്ടികൾ ഇത്തവണ പരീക്ഷയെഴുതും.
ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷ മാർച്ച് 5 മുതൽ 27 വരെയാണ്. രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെ. ഒന്നാം വർഷ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷകൾ രാവിലെ 9.30നും ആരംഭിക്കും. വെള്ളിയാഴ്ച 9.15ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. മാർച്ച് 27 നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. സ്കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർഥികൾക്ക് മാത്രമാണ് അന്ന് രണ്ട് സെഷനിലും പരീക്ഷയുള്ളത്.
