കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്ന് 6974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നതെന്ന് രാജീവ് അറിയിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെ തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഒഡിഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സെന്ററിൽ (ഒസിഎസി) നിന്ന് കെൽട്രോണിന്റെ അഹമ്മദാബാദ് മാർക്കറ്റിങ് ഓഫീസാണ് ഓർഡർ നേടിയെടുത്തത്. സ്മാർട്ട് ക്ലാസ് റൂം സ്ഥാപിക്കൽ, കമീഷനിങ്, ഓപ്പറേഷൻ, കണ്ടന്റ് സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടെ സേവനങ്ങൾ മൂന്നുവർഷം കെൽട്രോൺ നൽകും.
സാങ്കേതികവിദ്യയുടെ മാറ്റങ്ങൾക്ക് അനുസരിച്ച് ചെലവുകുറഞ്ഞ രീതിയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സംയോജിപ്പിച്ചാണ് സ്കൂളുകളിൽ കെൽട്രോൺ സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നത്. പൊതു വിദ്യാഭ്യാസവകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിക്കുക. ലാപ്ടോപ്, പ്രൊജക്ടർ, യുഎസ്ബി മൾട്ടിമീഡിയ സ്പീക്കറുകൾ, പ്രൊജക്ടർ സ്ക്രീൻ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബെയ്‌സിക് സ്മാർട്ട് ക്ലാസ് റൂം കിറ്റ്. അഡ്വാൻസ്ഡ് സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടർ സ്ക്രീനിനു പകരം ഇന്ററാക്ടീവ് പാനൽ ബോർഡാണ് ഉപയോഗിക്കുന്നത്. സ്വതന്ത്ര കംപ്യൂട്ടിങ്ങിൽ അധിഷ്ഠിതമായ കസ്റ്റമൈസ്ഡ് ലിനക്‌സ് ബെയ്‌സ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂം സിസ്റ്റത്തിന് അഞ്ചുവർഷം വാറന്റിയും നൽകുന്നു.
കേരളത്തിൽ വിവിധ സ്കൂളുകളിലായി 45,000 സ്മാർട്ട് ക്ലാസ് റൂമുകൾ കെൽട്രോൺ സജ്ജീകരിച്ചിട്ടുണ്ട്. കെൽട്രോൺ ഐടി ബിസിനസ് ഗ്രൂപ്പാണ് ഈ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്.