കാരുണ്യ പദ്ധതി: എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ പുതുക്കിയ പാക്കേജ് നടപ്പാക്കി, കേരളത്തില്‍ പഴയത്‌

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ പാക്കേജ് കേന്ദ്രം നിര്‍ദേശിച്ച ഉയര്‍ന്ന നിരക്കില്‍ നിലവില്‍ പുതുക്കാനാവില്ലെന്ന് കേരളം. പാക്കേജ് പുതുക്കിനല്‍കണമെന്ന സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിന്‍മേല്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ്, സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പുതുക്കിയ പാക്കേജ് നടപ്പാക്കുക സാധ്യമല്ലെന്നുകാട്ടി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. കേന്ദ്രസഹായം കൂട്ടിക്കിട്ടുമ്പോള്‍ വിഷയം പരിഗണിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ആയുഷ്മാന്‍ഭാരതിന്റെ കീഴില്‍ ആരോഗ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്ന എല്ലാസംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ 2022-ലെ പുതുക്കിയ ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. കേരളത്തില്‍മാത്രം ഇപ്പോഴും 2020-ലെ പാക്കേജനുസരിച്ചാണ് ആനുകൂല്യം.

പുതുക്കിയ കേന്ദ്രപാക്കേജില്‍ ഒരുദിവസത്തെ ചികിത്സയ്ക്ക് 2100 രൂപ രോഗിക്ക് അനുവദിക്കുമ്പോള്‍ കേരളത്തില്‍ 750 രൂപയേ ലഭിക്കൂ. സ്‌പെഷ്യാലിറ്റി പാക്കേജുകളിലും വലിയ വ്യത്യാസമുണ്ട്. ശസ്ത്രക്രിയയ്ക്കുമുമ്പ് രോഗി മരിച്ചാല്‍ പഴയ പാക്കേജനുസരിച്ച് അതുവരെയുള്ള ചികിത്സച്ചെലവ് അനുവദിക്കില്ല. എന്നാല്‍, പുതുക്കിയ പാക്കേജ് പ്രകാരം രോഗി ആസ്പത്രിയില്‍ ചികിത്സയിലിരുന്ന കാലയളവും ഉപയോഗിച്ച വാര്‍ഡിന്റെ ചെലവും കണക്കാക്കണം. ഈ സാഹചര്യം ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കേരളത്തില്‍ 43 ലക്ഷത്തോളം അംഗങ്ങള്‍ പദ്ധതിയിലുണ്ട്. ഇതില്‍ 23.9 ലക്ഷം ആളുകളുടെ പ്രീമിയത്തിന്റെ 60 ശതമാനംമാത്രമാണ് കേന്ദ്ര വിഹിതം. കേരളത്തില്‍നിന്ന് കാസ്പില്‍ എംപാനല്‍ചെയ്ത മുന്നൂറോളം സ്വകാര്യ ആസ്പത്രികള്‍ക്കുമാത്രം സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക 400 കോടി രൂപയോളമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്  850 കോടിയിലേറെയും നല്‍കാനുണ്ട്.