എം. കരുണാനിധിയുടെ രചനകളെ തമിഴ്നാട് സർക്കാർ പൊതുസ്വത്തായി പ്രഖ്യാപിച്ചു

മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ രചനകളെ തമിഴ്നാട് സർക്കാർ പൊതുസ്വത്തായി പ്രഖ്യാപിച്ചു. ഇതോടെ പകർപ്പവകാശമില്ലാതെ ഇവ ആർക്കും ഉപയോഗിക്കാനും പുറത്തിറക്കാനും സാധിക്കും. കരുണാനിധിയുടെ ജൻമശതാബ്ദി ആഘോഷങ്ങളുടെ സമാപനവേളയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഈ പ്രഖ്യാപനം നടത്തിയത്.

പ്രതിഫലം വാങ്ങാതെയാണ് അനന്തരാവകാശികള്‍ പുസ്തകങ്ങളുടെ അവകാശം വിട്ടുനല്‍കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ് വെർച്വല്‍ അക്കാദമിയുടെ പോർട്ടലില്‍ കരുണാനിധിയുടെ രചനകള്‍ ലഭ്യമാക്കുന്നകാര്യം പരിഗണിക്കുന്നുണ്ട്. തമിഴ്നാട്ടിലെ 179 എഴുത്തുകാരുടെ രചനകള്‍ ഇതിനകം സംസ്ഥാനസർക്കാർ പൊതുസ്വത്തായി മാറ്റിയിട്ടുണ്ട്.

അനന്തരാവകാശികള്‍ക്ക് പ്രതിഫലമായി 14.42 കോടിരൂപ നല്‍കിയാണ് രചനകളിലെ അവകാശം ഏറ്റെടുത്തത്. ഡി.എം.കെ. നേതാവും മികച്ച പ്രാസംഗികനും കവിയും തിരക്കഥാകൃത്തുമായിരുന്ന കരുണാനിധിയുടെ രചനകളും ഇനി ഇക്കൂട്ടത്തില്‍ സ്ഥാനം പിടിക്കും. അദ്ദേഹം 75 സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 15 നോവലുകളും 20 നാടകങ്ങളും 210 കവിതകളുമെഴുതി.

മാനവനേശൻ എന്ന കൈയെഴുത്തുമാഗസിന്റെ പത്രാധിപസ്ഥാനം ഏറ്റെടുത്തുകൊണ്ട് പതിനഞ്ചാംവയസ്സില്‍ എഴുത്തിന്റെ ലോകത്തു കടന്നയാളാണ് കരുണാനിധി. 23-ാംവയസ്സില്‍ രാജകുമാരിയെന്ന സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ട് ചലച്ചിത്രരംഗത്തു വന്നു. ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹമെഴുതിയ കവിതകള്‍ ‘കവിതയല്ല, മുത്താരം’ എന്നപേരില്‍ പ്രസിദ്ധീകരിച്ചു. ‘നെഞ്ചുക്കു നീതി’യെന്ന ആത്മകഥ ആറു വാല്യങ്ങളുണ്ട്. പാർട്ടിപ്രവർത്തകർക്കെഴുതിയ കത്തുകള്‍ 54 വാല്യങ്ങളിലായാണ് സമാഹരിച്ചിരിക്കുന്നത്.