കേരളത്തിൽ ചിലയിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

കേരളത്തിൽ ശനിയും ഞായറും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്( 36.6°c ). രണ്ടാം സ്ഥാനം കോട്ടയത്തിനാണ്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തുലാവർഷം വിടവാങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

ജനുവരി 24 ഓടെ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യ സംസ്ഥാനങ്ങളിൽ നിന്ന് പൂർണമായും പിൻവാങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാലിത് 26ലേക്ക് നീളുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിലവിലെ ചൂട് മഴയില്ലാത്തതുകൊണ്ടാണെന്നും മാർച്ച് മുതൽ മെയ് മാസമാണ് ഔദ്യോഗികമായി വേനൽക്കാലമായി കണക്കാക്കുന്നതെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു.

ഫെബ്രുവരി ആദ്യവാരത്തില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ചൂടിന് നേരിയ കുറവുണ്ടായേക്കും. 2024 ഒക്ടോബർ 15 ആയിരുന്നു ഇത്തവണ തുലാവർഷം ആരംഭിച്ചത്. 2023 തുലാവർഷം 2024 ജനുവരി 14 നും 2022ലെ 2023 ജനുവരി 12നും ,2021ലെ 2022 ജനുവരി 22 നുമാണ് പിൻവാങ്ങിയത്.