അടുക്കള വീടിന്റെ ഹൃദയമാണ്. എന്നാൽ ഏറ്റവുമധികം അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ഇടവുമാണ്. പ്രത്യേകിച്ച് ഗ്യാസ് സ്റ്റൗവ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇടമാണ്. ചെറിയ അബദ്ധം പോലും ജീവൻ നഷ്‌ടപ്പെട്ടേക്കാവുന്ന അപകടങ്ങൾക്ക് കാരണമാകാം. മാത്രമല്ല ചൂട് മൂലം പല സാധനങ്ങളും വേഗത്തിൽ കേടാവും. അതിനാൽ ഗ്യാസ് സ്റ്റൗവിന് സമീപത്തു നിന്നും ഒഴിവാക്കേണ്ട ചില വസ്തുക്കൾ ഇവയാണ്.
പേപ്പർ ടവൽ, ടിഷ്യൂ, നാപ്കിൻ മുതലായവ
പേപ്പർ ടവൽ, നാപ്കിൻ തുടങ്ങിയവയിൽ ചെറിയൊരു തീപ്പൊരി വീണാൽ പോലും തീപിടിത്തമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ സ്റ്റൗവിന് സമീപം ഇവ ഒഴിവാക്കുക. പാചക സമയത്തെ ആവിയും തെറിച്ചുവീഴുന്ന എണ്ണയും ഇവയുടെ ഗുണനിലവാരം നഷ്ടപ്പെടുത്താം.
ഗ്ലാസ് ജാറുകളും ബോട്ടിലുകളും
അമിതമായി ചൂടേൽക്കുന്നതിലൂടെ ഗ്ലാസ് പൊട്ടാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെടാത്ത വിള്ളലുകളും പൊട്ടലുകളും ഉണ്ടായെന്നും വരാം. സാധാരണ ഇത്തരം കുപ്പികളിൽ തേയില, കാപ്പിപ്പൊടി, പഞ്ചസാര, പൊടികൾ തുടങ്ങിയവയാണ് സൂക്ഷിക്കുന്നത്. ചെറിയ ചൂടേറ്റാൽ പോലും ഗ്ലാസ് ചൂടാകുന്നതിനാൽ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഇത്തരം വസ്തുക്കൾ വേഗത്തിൽ കട്ടിയാകാനോ ഉരുകാനോ ഫ്രഷ്‌നെസ്സ് നഷ്‌ടപ്പെടാനോ സാധ്യതയുണ്ട്.
ക്ലീനിങ് ലിക്വിഡുകളും കിച്ചൻ കെമിക്കലുകളും
ക്ലീനിങ് ലിക്വിഡുകൾ പലതും ചൂടേറ്റാൽ കത്തുന്നവയാണ്. അതിനാൽ സ്റ്റൗവിന് സമീപം ഇവ വയ്ക്കുന്നത് അപകടമാണ്. സൗവ്വിന് തൊട്ടടുത്തല്ലെങ്കിൽ കൂടി തീയിൽ നിന്നുള്ള ചൂട് ഏൽക്കുന്നത് വഴി ബോട്ടിലുകൾ ഉരുകാനും കെമിക്കൽ ചോർന്നുപോകാനും സാധ്യതയുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും മൊബൈൽ, ലാപ്ടോപ്പ് പോലെയുള്ളവയും സ്‌റ്റൗവിന് സമീപം വയ്ക്കരുത്. സ്റ്റൗവിൽ നിന്നുള്ള ചൂട് അമിതമായി ഏറ്റാൽ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാകാം.
