ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരത്തെ ബന്ധപ്പെട്ട് വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോഹ്ലിയും ടെസ്റ്റിൽ നിന്ന് പടിയിറങ്ങിയത്.
14 വർഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ കരിയറിനാണ് കോഹ്ലി വിരാമമിട്ടിരിക്കുന്നത്. ഇന്ത്യയ്ക്കായി 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരത്തിൻ്റെ ബാറ്റിൽ നിന്ന് 30 സെഞ്ച്വറികളുൾപ്പെടെ 9230 റൺസാണ് ആകെ പിറന്നത്. ഇന്ത്യയെ ഏറ്റവും കുടുതൽ ടെസ്റ്റ് ജയങ്ങളിൽ നയിച്ച ക്യാപ്റ്റനും കോഹ്ലിയാണ്. ടെസ്റ്റിൽ ഏറ്റവും കുടുതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡും ഈ ഡൽഹിക്കാരൻ്റെ പേരിൽ തന്നെ. ഏഴ് ഇരട്ട സെഞ്ചുറികളാണ് കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. മികച്ച ഫീൽഡർ കൂടിയായ കോഹ്ലി ടെസ്റ്റിൽ നിന്ന് മാത്രം 121 ക്യാച്ചുകൾ കൈപ്പിടിയിലാക്കിയിട്ടുണ്ട്.
2011ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയാണ് താരത്തിന്റെ അവസാന പരമ്പര. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ടീം പ്രഖ്യാപിക്കാനിരിക്കെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
