പനി വരുമ്പോൾ കുളിക്കാമോ? പലരുടെയും സംശയത്തിന് ഉത്തരമിതാ

യഥാർത്ഥത്തിൽ പനി, ഒരു രോഗലക്ഷണമാണ്. സാധാരണയായി ചെറിയ പനി വന്നുകഴിഞ്ഞാൽ വീട്ടിലിരുന്ന് വിശ്രമിക്കുകയാണ് വേണ്ടത്. നന്നായി ഭക്ഷണം കഴിക്കുകയും, നിർജലീകരണം ഉണ്ടാകാതെ നോക്കുകയും വേണം.

എന്നാൽ, പനിയോടനുബന്ധിച്ച് നിർത്താതെയുള്ള ചുമ, നെഞ്ചുവേദന, ശ്വാസതടസം, ശക്തിയായ തലവേദന, തല കറക്കം, ബോധക്കേട് എന്നിവ വരുമ്പോൾ ഡോക്‌ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. പനിയുടെ ലക്ഷണം കണ്ടാൽ തന്നെ പാരസെറ്റമോളോ, ഡോളോയോ കഴിക്കുന്നവർ ധാരാളമാണ്. ചിലരിൽ ഇത് വലിയ അലർജിക്ക് കാരണമായേക്കാം. കരൾ, കിഡ്‌നി രോഗബാധിതർ ഡോക്‌ടറുടെ നിർദേശ പ്രകാരമേ ഇത്തരം മരുന്നുകൾ കഴിക്കാൻ പാടുള്ളൂ.

പനി വന്നുകഴിഞ്ഞാൽ കുളിക്കാമോ എന്ന ചോദ്യം പരക്കെ നിലനിൽക്കുന്നുണ്ട്. അതിന് ഡോക്‌ടർമാർ തന്നെ നൽകുന്ന ഉത്തരം തീർച്ചയായും കുളിക്കാം എന്നാണ്. ചെറുചൂട് വെള്ളത്തിൽ കുളിക്കുന്നത് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും. അതുപോലെ ഭക്ഷണത്തിൻ്റെ കാര്യത്തിൽ പ്രത്യേകിച്ച് മാറ്റി നിറുത്തലുകളുടെ ആവശ്യമില്ല. തണുത്ത ഭക്ഷണം ഒഴിച്ച് വീട്ടിൽ ഉണ്ടാക്കുന്നതെന്തും കഴിക്കാം. ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷഫലം ചെയ്യും.