കേരളത്തില്‍ ക്രിക്കറ്റിനും ഫുട്‌ബോളിനും പുതിയ രാജ്യാന്തര സ്‌റ്റേഡിയങ്ങളൊരുങ്ങുന്നു

കേരളത്തിലെ കളി ആരാധകർ കാത്തിരുന്ന ക്രിക്കറ്റ്‌, ഫുട്‌ബോൾ സ്‌റ്റേഡിയങ്ങൾ ഇനി സ്വപ്‌നമല്ല. കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക്‌ ഇനി കേരളം വേദിയാകും. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സമർപ്പിച്ച കൊച്ചി സ്‌പോർട്‌സ്‌ സിറ്റി യാഥാർഥ്യമായാൽ ലോകകപ്പ്‌ അടക്കമുള്ള മത്സരങ്ങൾക്ക്‌ വേദിയാകും.

ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റ്‌ മത്സരങ്ങൾക്ക്‌ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയമാണ്‌ വേദി. ഫുട്‌ബോളിന്‌ കൊച്ചി നെഹ്‌റു സ്‌റ്റേഡിയവും. കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം സ്‌റ്റേഡിയങ്ങളിലാണ്‌ ഫുട്‌ബോൾ മത്സരങ്ങൾ നടക്കുന്നത്‌. രാജ്യാന്തര നിലവാരത്തിലുള്ള ഫുട്‌ബോൾ സ്‌റ്റേഡിയമില്ലാത്തത്‌ പോരായ്‌മയായിരുന്നു. അതിന്‌ പരിഹാരമായി മലപ്പുറം മഞ്ചേരി പയ്യനാട്ട്‌ രാജ്യാന്തര നിലവാരത്തിലുള്ള സ്‌റ്റേഡിയം ഉയരും. അർജന്റീനയുടെ ലോകകപ്പ്‌ ടീം അടുത്തവർഷം ഒക്‌ടോബറിൽ കേരളത്തിലെത്തിയാൽ പുതിയ സ്‌റ്റേഡിയത്തിലാകും കളിക്കുക.

കേരള ഫുട്‌ബോൾ അസോസിയേഷനുമായി സഹകരിച്ച്‌ ഗ്രൂപ്പ്‌ മീരാൻ കമ്പനി സമർപ്പിച്ച നിർദേശങ്ങളിൽ എട്ട്‌ ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളും നാല്‌ പരിശീലന അക്കാദമികളുമുണ്ട്‌.

ഇന്ത്യയിലേയും വിദേശങ്ങളിലേയും പ്രമുഖ സ്‌പോർട്‌സ്‌ അസോസിയേഷനുകളും കമ്പനികളും 26 വരെ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായിട്ടുണ്ട്‌. 5000 കോടിയുടെ നിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്‌. ആദ്യദിവസം 2000 കോടിയോളം രൂപയുടെ നിക്ഷേപം നേടാനായത്‌ ഉച്ചകോടിക്ക്‌ നേട്ടമായി.

വിവിധ വിഷയങ്ങളിലെ സെമിനാറുകൾ, സ്‌പോർട്‌സ്‌ എക്‌സ്‌പോ, കായിക ചലച്ചിത്രോത്സവം എന്നിവ ഇന്നുമുതൽ ആരംഭിക്കും. 13 വിഷയങ്ങളിൽ 105 സമ്മേളനങ്ങൾ, സെമിനാറുകൾ, സ്പോർട്സ് എക്സ്പോ എന്നിവയും സംഘടിപ്പിക്കും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുൾപ്പെടെ വിദഗ്ധരടക്കം ആയിരത്തോളം പ്രതിനിധികൾ ഉച്ചകോടിക്ക്‌ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.