ക്യാമറയെ പറ്റിക്കുന്ന വാഹനങ്ങളെ കുടുക്കാന്‍ ഇന്റര്‍സെപ്റ്റര്‍

നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളെ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹനങ്ങൾ തയ്യാറായി. ‘സേഫ് കേരള’ പദ്ധതിയിലുൾപ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്.

അമിതവേഗം പതിവാകുന്ന റോഡുകളിലാണ് ഇന്റർസെപ്റ്റർ വാഹനങ്ങളുണ്ടാവുക. നിർമിതബുദ്ധിയുള്ള ക്യാമറകൾ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുവോ അതേ മാതൃകയിലാണ് ഇന്റർസെപ്റ്റർ വാഹനങ്ങളുടെയും പ്രവർത്തനം.

റോഡുകളുടെ വിഭാഗങ്ങൾക്കനുസരിച്ച് വാഹനങ്ങൾക്ക് ഓടാവുന്ന വേഗം പുതുക്കി നിർണയിച്ചിട്ടുണ്ട്. ഇത് മാനദണ്ഡമാക്കിയാകും പിഴയീടാക്കുക. റോഡിൽ ഇന്റർസെപ്റ്റർ വാഹനം നിർത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കും. വേഗപരിധി കടന്ന വാഹനങ്ങൾ തടഞ്ഞ് നേരിട്ട് പിഴയീടാക്കില്ല.

ക്യാമറ ദൃശ്യങ്ങൾ പകർത്തി തിരുവനന്തപുരത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്ക് അയക്കും. ഇവിടെനിന്ന് അതത് ജില്ലാ കൺട്രോൾ റൂമിലേക്ക് നിയമലംഘനദൃശ്യങ്ങൾ കൈമാറും. ശേഷം അതത് ജില്ലയിലെ എൻഫോഴ്സ്മെന്റ് വിഭാഗമാണ് പിഴയടയ്ക്കാൻ വാഹനമുടമയ്ക്ക് ഇ ചലാനും നോട്ടീസും അയക്കുക.

നിരത്തിൽ ക്യാമറകൾ സ്ഥാപിച്ച സ്ഥലമെത്തുമ്പോൾ വേഗം കുറച്ചും പിന്നീട് അമിതവേഗത്തിലും പോകുന്നവരുണ്ട്. ഇത്തരക്കാരെക്കൂടി കണ്ടെത്തുകയാണ് ലക്ഷ്യം. ക്യാമറകളില്ലാത്ത സ്ഥലങ്ങൾ നോക്കിയാണ് ഇന്റർസെപ്റ്റർ വാഹനം നിർത്തി പരിശോധന നടത്തുക.