ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിൽ. രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയിലെത്തി. മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും ഇടിവുണ്ടായത്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 350 മില്യൺ ഡോളർ പിൻവലിച്ചതിനാൽ ഓഹരിവിപണിയിൽ ഇടിവുണ്ടായി.
സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കൻ ഡോളറിന്റെ ആവശ്യകതയും രാജ്യത്തുനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണമാണ് ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസവും ഓഹരി വിപണികളിൽ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. 5,130.90 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ബജറ്റ് ദിവസത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.