കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചു. നേവിയുടെ ഡൈവര്‍മാര്‍ ഗാംഗാവലി പുഴയിലിറങ്ങി. നാവിക സംഘത്തിൻ്റെ ആദ്യ ഡൈവിങ് ഒരു മിനിറ്റ് നീണ്ടു. നേവിയുടെ രണ്ട് ഡൈവർമാരാണ് പുഴയിലിറങ്ങിയത്.
പ്രധാനമായും ഇന്നലെ സോണാർ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്ന് പോയന്‍റുകളിലായിരിക്കും നാവിക സേനയുടെ പരിശോധന കേന്ദ്രീകരിക്കുക. രണ്ടു ബോട്ടുകളിലായിട്ടാണ് നാവിക സേനാംഗങ്ങള്‍ പരിശോധന നടത്തുക.
മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന നേരത്തെ ആരംഭിച്ചു. ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ കൂടതല്‍ പേര്‍ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തി. ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് പറഞ്ഞു.
ഇന്നലെ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഈശ്വര്‍ മല്‍പെ ഇന്നും തെരച്ചില്‍ നടത്തുന്നത്. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.