സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാൻ ഒരു റഡാർകൂടി വരുന്നു. ഇത് വടക്കേ മലബാറിൽ സ്ഥാപിക്കാനാണ് ധാരണ. കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി.) സംസ്ഥാനത്തിന് അനുവദിക്കുന്ന രണ്ടാമത്തെ റഡാറാണിത്. കൊച്ചിയിൽ കാലാവസ്ഥാവകുപ്പിൻ്റെ കീഴിലും തിരുവനന്തപുരം തുമ്പയിൽ വിക്രം സാരാഭായ് സ്പേസ് സെന്ററിൻ്റെ കീഴിലുമായി നിലവിൽ രണ്ടെണ്ണമുണ്ട്.
പക്ഷേ, ഇവ കൊണ്ടു മാത്രം 14 ജില്ലകളിലെയും കാലാവസ്ഥാനിരീക്ഷണം കാര്യക്ഷമമായി നടത്താൻ സാധിക്കുന്നില്ല. വടക്കൻ ജില്ലകളിലാണ് പ്രയാസം കൂടുതൽ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളാണ് റഡാർ സ്ഥാപിക്കാനായി പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥലങ്ങളിൽ പശ്ചിമഘട്ട മലനിരകൾ നിഴൽ വീഴ്ത്തുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. ഇത് റഡാറിന്റെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് കാസർകോട്, കണ്ണൂർ ജില്ലകൾ പരിഗണിക്കുന്നത്. ഏഴുവർഷത്തെ വാർഷിക അറ്റകുറ്റപ്പണി കരാറോടെ ആറുകോടി രൂപ മുടക്കിയാണ് പുതിയ റഡാർ സ്ഥാപിക്കുന്നത്.