പാകിസ്ഥാനെ തോൽപ്പിച്ച് കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 24 വർഷം പൂർത്തിയാകുന്നു. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്. ഓപ്പറേഷൻ വിജയ് എന്ന് കരസേനയും ഓപ്പറേഷൻ സഫേദ് സാഗര്‍ എന്ന് വ്യോമസേനയും പേരിട്ട് വിളിച്ച ആ പോരാട്ടത്തിനൊടുവില്‍ കാര്‍ഗില്‍ മല നിരകളില്‍ ത്രിവര്‍ണ പതാക പാറി.
1999 മെയ് 3 , ജമ്മു കശ്മീരിലെ ലഡാക്ക് മേഖലയിലെ ബാൾട്ടിസ്ഥാൻ ജില്ലയിലെ കാർഗിലിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാനാണ് പാക് സേന നുഴഞ്ഞുകയറുന്നത് ആദ്യമായി കണ്ടത്. ഉടൻ സൈന്യത്തെ വിവരം അറിയിച്ചു. സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം മടങ്ങിവന്നില്ല.
ഭീകരരുടേയും അഫ്ഗാൻ കൂലിപ്പടയാളികളുടേയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകളെല്ലാം പാകിസ്ഥാൻ പിടിച്ചടക്കി. ദ്രാസും , കാര്‍ഗിലും കടന്ന് ലഡാക്കിലേക്ക് പോകുന്ന പാത പിടിക്കാൻ പാക് സൈന്യം ശ്രമിച്ചു. കാര്‍ഗിലിലെ ഇന്ത്യൻ ആയുധ ശേഖരണ ശാലയ്ക്ക് നേരെ ഷെല്ലാക്രമണവും നടത്തി. ഇന്ത്യൻ മിഗ് വിമാനം പാക് സൈന്യം വെടിവച്ചിടുകയും ലഫ്റ്റനന്റ് കെ. നചികേത പാക് പിടിയിലാകുകയും ചെയ്തു. നചികേതയെ തേടി പോയ മറ്റൊരു മിഗ് വിമാനവും ഹെലികോപ്ടറും പാക് സൈന്യം വെടിവച്ചിട്ടു. അഞ്ച് സൈനികര്‍ക്കാണ് വീരമൃത്യു സംഭവിച്ചത്. രണ്ട് ലക്ഷം സൈനികരെ അണിനിരത്തിയാണ് നുഴഞ്ഞു കയറിയ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി തുടങ്ങിയത്. മുപ്പതിനായിരം ഭടൻമാര് യുദ്ധമുന്നണിയില്‍ എപ്പോഴും ഉണ്ടായിരുന്നു. കാര്‍ഗിലിലും ദ്രാസിലും പ്രത്യാക്രമണം ശക്തമാക്കിയ ഇന്ത്യൻ സൈന്യം ബതാലിക് സെക്ടര്‍ പിടിച്ചെടുത്തു.
ജാട്ട് റെജിമെന്റിലെ ക്യാപ്ടൻ സൗരഭ് കാലിയ അടക്കുമുള്ളവരെ ക്രൂരമായി പീഡിപിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നു. കനത്ത തിരിച്ചടി തുടങ്ങിയ ഇന്ത്യൻ സൈന്യം തോലോലിംഗ് കുന്നുകളും ടൈഗര്‍ ഹില്ലും തിരിച്ച് പിടിച്ചു. മലയടിവാരത്ത് നിന്ന് കുന്നുകള്‍ പിടിക്കാൻ കയറിയ കരസേനയിലെ ധാരാളം വീര സൈനികര്‍ക്ക് വീരമൃത്യു. 1999 ജൂലൈ ദ്രാസ് തിരിച്ച് പിടിച്ച് കരസേന.
ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാർക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് സൈന്യം പരാജയം സമ്മതിച്ചു. ജീവനും മേലെ മാതൃരാജ്യത്തിന്റെ അഭിമാനത്തിന് വിലകല്‍പ്പിച്ച 527 വീര യോദ്ധാക്കളെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. ധൈര്യം കവചമാക്കി പോരാട്ടം കൈമുതലാക്കി കാർഗിലിൽ ഇന്ത്യൻ സൈന്യം പേരാടി നേടിയത് സമാനകളില്ലാത്ത ജയമാണ്.