ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ – വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ്സ് മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41-കാരിയായ താരം വിരമിച്ചത്.
ബോക്‌സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. ആറുതവണ ലോക ചാമ്പ്യനായ ഒരേയൊരു ബോക്‌സിങ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനുമായി. 2014-ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതിലൂടെ, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി മാറി.
2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡലും നേടി. 2008-ല്‍ ലോക ചാമ്പ്യനായതിനു പിന്നാലെ ഇരട്ടക്കുട്ടിളുടെ അമ്മയായി. ഇതോടെ ബോക്‌സിങ്ങില്‍നിന്ന് തത്കാലം വിട്ടുനിന്നു. പിന്നീട് 2012-ല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായും കളിക്കളത്തില്‍നിന്ന് വിട്ടുനിന്നു. തുടര്‍ന്ന് തിരിച്ചെത്തിയ മേരി കോം, 2018-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പും നേടി.