ഭക്ഷണക്രമത്തിൽ വരുത്തേണ്ട ആരോഗ്യകരമായ മാറ്റങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുതുക്കി ഐ.സി.എം.ആർ. അനാരോഗ്യകരമായ ഭക്ഷണശീലമാണ് രാജ്യത്തെ 56.7 ശതമാനം രോഗങ്ങൾക്കും പിന്നിലെന്ന് ഐ.സി.എം.ആർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷണക്രമത്തിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പൊണ്ണത്തടി, പ്രമേഹം പോലുള്ള സാംക്രമികേതര രോഗങ്ങൾ തടയാനുമാണിത്.
ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിലിരിക്കുന്ന കാലംമുതൽ പോഷകാഹാരത്തിന് വലിയ പങ്കാണുള്ളത്. സമീകൃതാഹാരം പോഷകാഹാരക്കുറവുമൂലമുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും കുഞ്ഞിന്റെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ കൂടിയതുമായ ഭക്ഷണങ്ങൾ ശീലമാക്കുകയും വ്യായാമമില്ലാതിരിക്കുകയുമൊക്കെ ചെയ്യുന്നത് അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഐ.സി.എം.ആർ. പറയുന്നു. ഈ സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾക്ക് പ്രസക്തിയേറുന്നത്.
ഐ.സി.എം.ആറിന് കീഴിലുള്ള ഹൈദരാബാദ് ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ (എൻ.ഐ.എൻ.) ആണ് നിർദേശങ്ങൾ പുറത്തിറക്കിയത്. ജീവിതശൈലി മാറ്റുന്നതിലൂടെ അകാലമരണം കുറയ്ക്കാമെന്നും ഐ.സി.എം.ആർ. പറയുന്നുണ്ട്.
ഐ.സി.എം.ആർ ആഹാരക്രമത്തിൽ നിർദേശിക്കുന്ന 17 മാറ്റങ്ങൾ
- സമീകൃതാഹാരം ഉറപ്പിക്കാൻ വ്യത്യസ്‌തമായ ഭക്ഷണങ്ങൾ കഴിക്കുക.
- ഗർഭിണികൾ, പുതിയ അമ്മമാർ എന്നിവർക്ക് ഭക്ഷണവും കരുതലും കൂടുതൽ ലഭ്യമാക്കണം.
- പ്രസവശേഷമുള്ള ആദ്യ ആറുമാസക്കാലത്തെ മുലയൂട്ടലിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉറപ്പാക്കുക, രണ്ടുവയസ്സുവരെ മുലയൂട്ടൽ തുടരുക.
- ആറുമാസം കഴിഞ്ഞാൽ വീട്ടിൽ തയ്യാറാക്കിയ അർധ ഖരരൂപത്തിലുള്ള പൂരകാഹാരങ്ങൾ നൽകാം.
- ആരോഗ്യം കാക്കാൻ പ്രാപ്‌തമായ ആഹാരക്രമം കുട്ടികൾക്കും കൗമാരക്കാർക്കും ഉറപ്പാക്കുക.
- ധാരാളം പച്ചക്കറികളും പയർവർഗങ്ങളും കഴിക്കുക.
- എണ്ണയും കൊഴുപ്പം മിതമാക്കുക, ദിവസവും ലഭിക്കേണ്ട കൊഴുപ്പ്, ഫാറ്റി ആസിഡുകൾ എന്നിവ നേടുന്നതിനായി നട്‌സും മറ്റും ശീലമാക്കുക.
- നല്ല പ്രോട്ടീനുകളും അവശ്യ അമിനോ ആസിഡുകളും ലഭ്യമാക്കുകയും പേശികളുടെ കരുത്ത് വർധിപ്പിക്കാനായി പ്രോട്ടീൻ സപ്ലിമെൻ്റുകളും ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.
- അടിവയറിലെ വണ്ണവും അമിതവണ്ണവുമെല്ലാം പ്രതിരോധിക്കാൻ ആരോ ഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുക.
- ശാരീരിക പ്രവർത്തനങ്ങളിൽ സജീവമാവുക, ദിനവും വ്യായാമം ചെയ്യു.
- ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.
- സുരക്ഷിതവും ശുചിത്വവുമാർന്ന ഭക്ഷണം ശീലമാക്കുക.
- ഉചിതമായ പാചകരീതികൾ ഉറപ്പാക്കുക.
- ധാരാളം വെള്ളം കുടിക്കുക.
- സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായി കൊഴുപ്പും മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക.
- പ്രായമായവരുടെ ആഹാരശീലങ്ങളിൽ പോഷകസമ്പന്നമായവക്ക് പ്രാധാന്യം നൽകുക.
- ഭക്ഷണങ്ങളുടെ ലേബലുകളും അതുസംബന്ധിച്ച വിവരങ്ങളും വായിക്കുക.
അമിതവണ്ണം,പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെന്നും ഐ.സി.എം.ആർ. പറയുന്നുണ്ട്. ധാന്യങ്ങളിൽ നിന്നും ചെറുധാന്യങ്ങളിൽ നിന്നും നാൽപ്പത്തിയഞ്ചു ശതമാനത്തിലധികം ലഭിക്കാത്തതും പയർവർഗങ്ങളിൽ നിന്നും മാംസത്തിൽ നിന്നും പതിനഞ്ചുശതമാനം വരെയും ലഭിക്കുന്നതാകണം സമീകൃതാഹാരം. ബാക്കിയുള്ളവ പച്ചക്കറികൾ, നട്‌സ്, പഴങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കണം.