ഇന്ത്യൻ കറൻസിയിൽ ഒളിപ്പിച്ചു വച്ച വിദ്യകൾ

പണ്ടത്തെ അപേക്ഷിച്ച് യു പി ഐ ആപ്പുകൾ വഴിയാണ് നമ്മൾ പണമേറെ ചിലവഴിക്കുന്നതെങ്കിലും കറൻസി നോട്ടുകൾ പാടെ ഒഴിവാക്കാവുന്ന സാഹചര്യത്തെപ്പറ്റിയൊന്നും നമുക്ക് ചിന്തിക്കാനായിട്ടില്ല. ഇത് കൂടാതെ കള്ളനോട്ടുകളും ഒരുപാട് സ്ഥലത്ത് നിന്ന് പിടികൂടിയെന്ന വാ‌ർത്തകളും നമ്മളെന്നും കേൾക്കാറുള്ളതാണ്. സാധാരണയാളുകൾക്ക് പല ടെസ്റ്റുകളും നടത്തി ഇത് കളളനോട്ടാണോ, യഥാ‌ർത്ഥ പണമാണോ എന്നൊക്കെ തിരിച്ചറിയാൻ കഴിയാറുണ്ട്. എന്നാൽ അന്ധരായ ആളുകൾക്ക് എങ്ങനെ ഇത് തിരിച്ചറിയാം? അന്ധരായ ആളുകൾക്കും ഇത് എളുപ്പത്തിൽ തിരിച്ചറിയാനുള്ള മാർ​ഗങ്ങളുണ്ട്.

തൊട്ടു നോക്കിയാളെ മനസിലാകുന്ന തരത്തിൽ നോട്ടുകളുടെ അരികില്‍ തിരശ്ചീനവും ഡയഗണലുമായിട്ടുള്ള വരകളുണ്ടാവും. ഇതിനു പുറമേ കറൻസികൾ അച്ചടിക്കുന്ന സമയത്തും നോട്ടുകളിൽ ചില പ്രത്യേക അടയാളങ്ങളിടും. തൊട്ടു നോക്കുമ്പോൾ മനസിലാക്കാൻ പറ്റുന്ന ബ്ലീഡ് മാർക്കുകൾ എല്ലാ നോട്ടുകളിലും നൽകിയിട്ടുണ്ട്. ഇത് തിരശ്ചീനവും കോണോടുകോണുമായ ഒരു തരം രേഖകളാണ്.

അന്ധരായ ആളുകൾക്ക് കള്ള നോട്ടുകൾ തിരിച്ചറിയാൻ മറ്റൊരു മാ‌ർ​ഗം കൂടിയുണ്ട്. അശോക ചക്രത്തിന് മുകളില്‍ മുന്‍വശത്ത് ഇടതുഭാഗത്തായി കാണപ്പെടുന്ന വ്യത്യസ്തതരം ചിഹ്നം ഇതു പോലെ ഇവരെ സഹായിക്കുന്ന ഒന്നാണ്. 20 രൂപയുടെ നോട്ടുകൾ മുതൽ 500 രൂപ വരെയുള്ള എല്ലാ നോട്ടുകളിലും ഇത് നൽകിയിട്ടുണ്ടാവും. എന്നാൽ 10 രൂപ നോട്ടിൽ ഈ ചിഹ്നങ്ങളില്ല. 500 രൂപയുടെ നോട്ടിൽ ഇത് വൃത്താകൃതിയിലും, 100 രൂപയുടെ നോട്ടിൽ ഇത് ത്രികോണാകൃതിയിലും, 200 രൂപ നോട്ടില്‍ ഇത് H പോലെ ആകൃതിയിലും, 50 രൂപയുടെ നോട്ടില്‍ ഈ അടയാളം ഒരു ചതുരം പോലെയുമാണ് ഉണ്ടാകുക. ഈ അടയാളം നോക്കി ഇവ‍‌‌ർക്ക് പണത്തിന്റെ മൂല്യം തിരിച്ചറിയാനാകും.