കേരളത്തിൽ എച്ച്ഐവി കേസുകൾ കൂടുന്നു

സംസ്ഥാനത്ത് ഏറ്റവുമധികം എച്ച്ഐവി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണെന്ന് കണക്കുകൾ. ഈ സാമ്പത്തിക വർഷം ഒക്ടബോർ വരെ ജില്ലയിൽ പുതുതായി എച്ച്ഐവി ബാധിക്കപ്പെട്ടതായി കണ്ടെത്തിയത് 160 പേർക്കാണ്. ഓരോ മാസവും ശരാശരി 23 പുതിയ എച്ച്ഐവി കേസുകൾ ജില്ലയിൽ രേഖപ്പെടുത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2022-23 വർഷത്തിൽ ഇവിടുത്തെ പുതിയ എച്ച്ഐവി കേസുകളുടെ എണ്ണത്തിലെ വർധന ശരാശരി 18 ആയിരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ശീലങ്ങളും, ലഹരിമരുന്ന് കുത്തിവയ്ക്കുന്ന സൂചികൾ പങ്കുവയ്ക്കുന്നതുമാണ് എറണാകുളത്തെ എച്ച്ഐവി കേസുകളുടെ വർധനയ്ക്ക് പിന്നിലെന്ന് റിപ്പോർട്ട്.

എറണാകുളം കഴിഞ്ഞാൽ ഏറ്റവുമധികം എച്ച്ഐവി ബാധിതരുള്ളത് തിരുവനന്തപുരത്തും തൃശൂരിലുമാണ്. ഈ സാമ്പത്തിക വർഷം ഒക്ടോബർ വരെ തിരുവനന്തപുരത്ത് 82 ഉം തൃശൂരിൽ 78 ഉം പുതിയ എച്ച്‌ഐവി കേസുകൾ രേഖപ്പെടുത്തി.

20നും 40നും ഇടയിലുള്ളവരിലാണ് പ്രധാനമായും പുതിയ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഡേറ്റിങ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവർ ഇരുവരുടെയും പശ്ചാത്തലം അറിയാതെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ട്രെൻഡും എച്ച്ഐവി കേസുകൾ വർധിക്കാനിടയാക്കുന്നതായി സംശയിക്കുന്നു. യുവാക്കളുടെ റിസ്ക‌് എടുക്കാനുള്ള ഭയമില്ലായ്മയും ലൈംഗിക പങ്കാളികൾ ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ കാണിക്കുന്ന വിമുഖതയും കൂടുതൽ പേരിലേക്ക് എച്ച്ഐവി പടരാൻ ഇടയാക്കുന്നുണ്ട്.

മദ്യത്തിന്റെയും ലഹരി മരുന്നിന്റെയും സ്വാധീനത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ ഗർഭനിരോധന ഉറകൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. മുപ്പതുകളിലുള്ള വിവാഹിതരായവർ തങ്ങളുടെ പങ്കാളിക്ക് പുറമേ മറ്റ് പലരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും സംരക്ഷിതമല്ലാത്ത ലൈംഗികതയിലേക്കും രോഗപടർച്ചയിലേക്കും നയിക്കുന്ന സാഹചര്യവുമുണ്ട്.

എറണാകുളത്ത് പുതുതായി എയ്‌ഡ്‌സ് രോഗം ബാധിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. എച്ച്ഐവി പോസിറ്റീവായവർക്ക് ആന്റി വൈറൽ മരുന്നുകളിലൂടെയും പോഷണസമ്പുഷ്‌ടമായ ആഹാരത്തിലൂടെയും ഒന്നിലധികം ലൈംഗിക പങ്കാളികളെ ഒഴിവാക്കിയുള്ള സുരക്ഷിതമായ ലൈംഗികതയിലൂടെയും തങ്ങളുടെ ശരീരത്തിലെ വൈറസിന്റെ ലോഡ് കുറയ്ക്കാൻ സാധിക്കും. എന്നാൽ എച്ച്ഐവി വൈറസിന്റെ ലോഡ് ക്രമാതീതമായി ഉയരുന്നതോടെ രോഗിക്ക് ഒന്നിലധികം അണുബാധകൾ ഉണ്ടാകുകയും പ്രതിരോധശേഷി നൽകുന്ന ശ്വേതരക്ത‌ കോശങ്ങൾ 200ന് താഴേക്ക് പോകുകയും ചെയ്യും. ഇത് രോഗിയുടെ മരണം ഉൾപ്പെടെയുള്ള ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കും.