മൊണാൽ: ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷി

ആൺപക്ഷികളിലെ വർണപ്പകിട്ടാർന്ന തൂവലുകളും ലോഹത്തിളക്കവുമാണ് ഹിമാലയൻ മൊണാൽ (ലോഫോഫോറസ് ഇംപീജിയാനസ്) പക്ഷികളെ ഹിമാലയത്തിലെ ഏറ്റവും ആകർഷകമായ ഫെസന്റ് ഇനങ്ങളിലൊന്നാക്കുന്നത്. നേപ്പാളിന്റെ ദേശീയ പക്ഷിയും ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷിയുമാണിത്. ഫെസന്റ് കുടുംബത്തിലെ വലിയ പക്ഷികളിൽ ഉൾപ്പെടുന്ന ഇവയ്ക്ക് ഏകദേശം 70 സെന്റിമീറ്റർ നീളവും 1.8 മുതൽ 2.3 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. ആൺ-പെൺ പക്ഷികൾ തമ്മിൽ കാഴ്ചയിൽ പ്രകടമായ വ്യത്യാസമുണ്ട്. ആൺപക്ഷികൾക്ക് മഴവിൽ വർണങ്ങളിലുള്ള തൂവലുകളും തലയിൽ നീണ്ട പച്ചപ്പൂവും കാണുമ്പോൾ, പെൺപക്ഷികൾക്ക് ഇളം നീല നിറത്തിലുള്ള കൺതടവും വെളുത്ത തൊണ്ടയും വരകളോടുകൂടിയ തവിട്ടുനിറത്തിലുള്ള ശരീരവുമാണുള്ളത്.

ഇര തേടുന്നതിനായി 25 സെന്റിമീറ്റർ വരെ ആഴത്തിൽ മണ്ണ് തുരക്കാൻ മൊണാലുകൾക്ക് കഴിയും. ഇതിന് സഹായിക്കുന്നത് ഇവയുടെ കരുത്തുറ്റ കൊക്കും നഖങ്ങളുമാണ്. പ്രാണികൾ, വേരുകൾ, വിത്തുകൾ എന്നിവയാണ് തുരന്നെടുക്കുന്നത്. മഞ്ഞുവീണ പ്രതലങ്ങളിൽ ഇര തേടുമ്പോൾ ഇവ പ്രത്യേക രീതിയിലുള്ള പാടുകൾ അവശേഷിപ്പിക്കാറുണ്ട്. ഇലകൾ, തളിരുകൾ, കിഴങ്ങുകൾ, കായ്‌കൾ, പ്രാണികൾ, മറ്റ് ചെറുജീവികൾ എന്നിവയെല്ലാമാണ് മൊണാലിന്റെ പ്രധാന ആഹാരം.

കിഴക്കൻ അഫ്ഗാനിസ്‌ഥാൻ മുതൽ പാക്കിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ വഴി ചൈന വരെ നീളുന്ന ഹിമാലയൻ മലനിരകളിലാണ് പക്ഷിയുടെ സ്വാഭാവിക ആവാസം. സമുദ്രനിരപ്പിൽനിന്ന് 2400 മുതൽ 4500 മീറ്റർ വരെ ഉയരത്തിലാണ് സാധാരണയായി കാണുന്നത്. ഏപ്രിൽ മുതൽ ഓഗസ്‌റ്റ് വരെയാണ് പ്രജനനകാലം. ഇണചേരലിനുശേഷം പെൺപക്ഷി നിലത്ത് കൂടുണ്ടാക്കി മൂന്നു മുതൽ ആറു വരെ മുട്ടകളിടും. ഏകദേശം ഒരു മാസത്തോളം അടയിരിക്കും. ഈ കാലയളവിൽ ആൺപക്ഷി പെൺപക്ഷിക്ക് കാവലിരിക്കും. ആറു മാസം പ്രായമാകുമ്പോൾ കുഞ്ഞുങ്ങൾ സ്വയംപര്യാപ്തരാകും.

മൊണാലുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണ്. വേട്ടയാടലും ആവാസവ്യവസ്‌ഥയുടെ നാശവുമാണ് പ്രധാന ഭീഷണികൾ. എന്നാൽ, ഇവ നേരിടുന്ന യഥാർഥ വെല്ലുവിളികളെക്കുറിച്ച് കൃത്യമായ പഠനങ്ങൾ ലഭ്യമല്ല. നിലത്ത് വസിക്കുന്ന പക്ഷികളായതിനാൽ ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും മലിനീകരണവും കാര്യമായി ബാധിക്കുന്നു. വർണത്തൂവലുകൾക്കും തലപ്പൂവിനും വേണ്ടിയും ഇവ വ്യാപകമായി വേട്ടയാടപ്പെടുന്നു.