മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നു. ഈ ദിവസങ്ങളിൽ പതിനായിരത്തോളം പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. മഴ കനക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്. 122 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എലിപ്പനി ലക്ഷണങ്ങളോടെ 17 പേർ ചികിത്സ തേടിയിട്ടുണ്ട്. 13 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
കുട്ടികൾക്ക് വൈറൽ പനി പടരുന്നതിലും ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതീവജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്. 1532 പേർ ചികിത്സ തേടി. തിരുവനന്തപുരത്തും പാലക്കാട്ടും ആയിരത്തോളം പേർക്കാണ് ഇന്നലെ പനി ബാധിച്ചത്. എറണാകുളത്ത് 37 പേർക്കും കൊല്ലത്ത് 10 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
കൊച്ചിയെ പലതരം പനികൾ വിടാതെ പിന്തുടരുകയാണ്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മഞ്ഞപ്പിത്തം, ഡെങ്കി, പകർച്ചപ്പനി, എലിപ്പനി, ഛർദി, വയറിളക്കം തുടങ്ങി മഴക്കാലത്തിന്റെറെ തുടക്കത്തിൽ എറണാകുളം ജില്ല കടന്നുപോകുന്ന രോഗങ്ങളിൽ ചിലതാണ് ഇത്. കഴിഞ്ഞ 19 ദിവസത്തിനിടെ 10,255 പേർക്കാണ് എറണാകുളം ജില്ലയിൽ വിവിധതരത്തിലുള്ള പനി ബാധിച്ച് ചികിത്സ തേടിയത്. ആശുപത്രിയിൽ ചികിത്സ തേടാതെ തന്നെ സുഖപ്പെട്ടവർ ഇതിനു പുറമെയാണ്. കളമശേരി മേഖലയിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഗ്രാമീണ മേഖലകളിലാണ് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നത്.
അതേസമയം, കഴിഞ്ഞ ആഴ്ചത്തേക്കാളും പനി ബാധിതരുടെ എണ്ണം ഈ ആഴ്ച കുറവാണ്. കഴിഞ്ഞ ആഴ്ച മിക്ക ദിവസങ്ങളിലും ആയിരത്തിനടുത്തായിരുന്നു പനി ബാധിതരുടെ എണ്ണം. സ്കൂൾ തുറന്നതോടെ കുട്ടികളിലും വ്യാപകമായി പനി പടരുന്നുണ്ട്.